അയാളുടെ അടുത്തിരിക്കാന്‍ ഇഷ്ടമില്ലെന്ന് രജിഷ പറഞ്ഞു, അതിന്റെ കാരണം എനിക്കൊരു പാഠമായിരുന്നു, സിദ്ദിഖ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് സിദ്ദിഖ്. നായകനായും വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ മലയാള സിനിമയിലെ യുവതാരങ്ങളായ ആസിഫ് അലി, രജിഷ വിജയന്‍, ഐശ്വര്യ ലക്ഷ്മി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവരെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് സിദ്ദിഖ്. ഒരു അഭിമുത്തിലാണ് സിദ്ദിഖ് മനസ് തുറന്നത്.

സിദ്ദിഖിന്റെ വാക്കുകള്‍, ‘രജിഷയുടെ കൂടെ ഞാന്‍ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. രജിഷയോട് എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു കാര്യമുണ്ട്. ഒരിക്കല്‍ രജിഷ എന്റെ അടുത്ത് വന്നിട്ട് ഒരാളെ കുറിച്ച് പറഞ്ഞത്, എനിക്ക് അയാളുടെ അടുത്ത് ഇരിക്കാന്‍ ഇഷ്ടമല്ല എന്നായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ രജിഷ പറഞ്ഞത് അയാള്‍ എപ്പോഴും മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു. അത് എനിക്ക് വലിയൊരു പാഠമായിട്ട് തോന്നി’. നമ്മള്‍ മറ്റൊരാളെ പറ്റി കുറ്റം പറയുന്നത് ഒരാള്‍ എന്‍ജോയ് ചെയ്യുന്നില്ല എന്ന താന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു. ചിലപ്പോള്‍ നമ്മള്‍ അറിയാതെയെങ്കിലും മറ്റൊരാളുടെ കുറ്റം പറഞ്ഞുപോകും. കുറ്റം പറയുന്നതുപോലും നമ്മള്‍ അയാളേക്കാള്‍ നല്ലതാണെന്ന് കാണിക്കാന്‍ വേണ്ടിയോ ഞാന്‍ അയാളെക്കാള്‍ കേമനാണെന്ന് വരുത്താന്‍ വേണ്ടിയിട്ടോ ഒക്കെ ആയിരിക്കും. കേട്ടിരിക്കുന്നവര്‍ അത് രസിക്കുന്നുണ്ടെന്ന് ഭാവിക്കുന്നുണ്ടെങ്കിലും ശരിക്കും അവര്‍ക്കത് രസിക്കുന്നില്ല. അറ്റ്‌ലീസ്റ്റ് രജിഷ വിജയനെങ്കിലും അത് രസിക്കുന്നില്ല. മറ്റൊരാളെപ്പറ്റി കുറ്റം പറയുന്നത് ആ കുട്ടിക്ക് ഇഷ്ടമാകുന്നില്ല. അത് വളരെ നല്ല ഗുണമാണ്.

ആസിഫ് അലി തനിക്ക് മകനെ പോലെയാണ്. ആസിഫ് അഭിനയിക്കുന്നത് കണ്ട് പഠിക്കണമെന്ന് തന്റെ മകനോട് താന്‍ പറഞ്ഞിട്ടുണ്ട് വളരെ സ്വാഭാവികമായിട്ടാണ് ആസിഫ് അഭിനയിക്കുന്നത്. അത് കാണുമ്പോള്‍ കൊതി തോന്നാറുണ്ട്. താനെക്കെ വളരെയധികം പേടിച്ചായിരുന്നു അഭിനയിച്ചിരുന്നത്.

ഐശ്വര്യ ലക്ഷ്മി മിടുക്കിയാണ്. സ്‌ക്രീനില്‍ കാണുന്ന ഐശ്വര്യയേ അല്ല യഥാര്‍ത്ഥത്തില്‍ അവള്‍. ലൊക്കേഷനില്‍ വന്നാല്‍ അവള്‍ അങ്ങനെ ഒരു സിനിമ നടിയോ ഒന്നും അല്ല. അവിടെ നിന്ന് പാട്ടുപാടുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുന്ന ഒരാള്‍. എന്നാല്‍ സ്‌ക്രീനില്‍ വരുമ്പോള്‍ പെട്ടെന്ന് തന്നെ വേറൊരു ആളായി മാറും. 24 മണിക്കൂറും അഭിനയിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഐശ്വര്യയ്ക്ക് ഓഫ് സ്‌ക്രീന്‍ ഒരു ആക്ടിങ്ങും ഇല്ല. വളരെ ഇന്നസെന്റ് ആണ്.

ആദ്യസിനിമയായ നന്ദനം മുതല്‍ പൃഥ്വിയെ അറിയാം. ഒന്നും അറിയാത്ത ഒരു സിനിമ വിദ്യാര്‍ത്ഥിയെ പോലെ സിനിമ സെറ്റില്‍ വന്നതു തൊട്ടുള്ള പൃഥ്വിയുടെ ഓരോ വളര്‍ച്ചയും നോക്കിക്കണ്ടിട്ടുണ്ട്. സിനിമയോട് ഭയങ്കര പാഷനുള്ള ആളാണ്. വളരെയധികം ഇന്റലിജന്റാണ്. സിനിമയുടെ എ ടു സെഡ് കാര്യങ്ങള്‍ എത്രയോ നേരത്തെ മനസിലാക്കിക്കഴിഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം. ഫഹദിന്റെ തുടക്കകാലത്ത് ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഹീറോ ആയി വന്ന ശേഷം ഒപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. ഭയങ്കര ജീനിയസ് ആക്ടറാണ് ഫഹദ്. ഇത്ര ചെറുപ്പത്തില്‍ തന്നെ കഥാപാത്രത്തെക്കുറിച്ച് ഇത്രയും മനസിലാക്കുന്നതും ആഴത്തില്‍ ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുന്നതും കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്.