രാജ്യദ്രോഹകുറ്റം; സിദ്ദീഖ് കാപ്പന് അഞ്ച് ദിവസത്തേക്ക് ജാമ്യം

ന്യൂഡല്‍ഹി | യു പി പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് അഞ്ച് ദിവസത്തേക്ക് ജാമ്യം. യു പി സര്‍ക്കാറിന്റെ എതിര്‍പ്പ് അവഗണിച്ച്‌ കര്‍ശന ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അസുഖ ബാധിതയായ മാതാവിനെ കാണാനാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെ 90 കഴിഞ്ഞ അമ്മയെക്കുറിച്ച്‌ കളവ് പറയില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ഉത്തര്‍പ്രദേശ് പോലീസിന്റെ നിരീക്ഷണത്തിലാകാണം കേരളത്തിലേക്ക് പോകേണ്ടതെന്ന ഉപാധി കോടതി ജാമ്യത്തില്‍ വെച്ചിട്ടുണ്ട്. സിദ്ദീഖ് കാപ്പന് സുരക്ഷ നല്‍കേണ്ടത് യു പി പോലീസാണ്. കേരള പോലീസ് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണം. ജാമ്യകാലയളവില്‍ കാപ്പന്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്.

ഹഥ്‌റസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തി യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധന അടക്കം നടത്താമെന്ന് സിദ്ദീഖ് കാപ്പന്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.