എന്നെ ഇഷ്ടപ്പെടാന്‍ കാരണം അതാണെന്ന് സച്ചി പറഞ്ഞിട്ടുണ്ട്, ഭാര്യ സിജി പറയുന്നു

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം കഴിഞ്ഞ ദിവസം തികഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ സച്ചിയുമൊത്തുള്ള സുന്ദര നിമിഷങ്ങള്‍ ഓര്‍ത്ത് എടുത്തിരിക്കുകയാണ് ഭാര്യ സിജി. അടുത്ത സുഹൃത്തുക്കളായിരുന്ന സച്ചിയും സിജിയും പിന്നീട് പ്രണയത്തിലാവുകയും, പ്രണയം ഒടുവില്‍ വിവാഹത്തില്‍ എത്തുകയുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് സിജി.

സിജിയുടെ വാക്കുകള്‍ ഇങ്ങനെ, സച്ചി തന്നോട് കഥകള്‍ പറയുമായിരുന്നെങ്കിലും ആദ്യം കേള്‍ക്കാന്‍ താല്‍പര്യമില്ലായിരുന്നു. സൗഹൃദം വളര്‍ന്നതോടെ കഥകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് താനും അഭിപ്രായം പറയാന്‍ തുടങ്ങി. സച്ചിയുടെ 2015ന് ശേഷമുള്ള സിനിമകളാണ് താന്‍ കണ്ടിട്ടുള്ളത്. സച്ചിയുടെ സിനിമകള്‍ക്ക് ചില നിര്‍ദേശങ്ങള്‍ താന്‍ പറയാറുണ്ടായിരുന്നു. അതു ശരിയാണെങ്കില്‍ അംഗീകരിക്കാറുമുണ്ട്.

അനാര്‍ക്കലി സിനിമയില്‍ തന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റം വരുത്തി. ചിത്രത്തിലെ ക്ലൈമാക്‌സില്‍ ആദ്യം ചിന്തിച്ചത് പൃഥ്വിരാജിന്റെ കഥാപാത്രം മരിക്കുന്നതായിരുന്നു. ‘ജീവിപ്പിക്കുന്നതല്ലേ നല്ലത്, ആളുകള്‍ അവര്‍ ഒന്നിച്ച് ജീവിക്കുന്ന സന്തോഷത്തില്‍ പോട്ടെ’ എന്ന് താന്‍ നിര്‍ദേശിച്ചു. സച്ചി ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം അയ്യപ്പനും കോശിയും ആണ്. സച്ചിയുടെ റണ്‍ ബേബി റണ്‍ പോലും മുഴുവന്‍ കണ്ടിട്ടില്ല. സിനിമ കാണാത്ത ഒരാളായതു കൊണ്ടാണ് നിന്നെ ഇഷ്ടപ്പെട്ടതെന്ന് സച്ചി പറയുമായിരുന്നു.