സിസ തോമസിന് തൽസ്ഥാനത്ത് തുടരാം, പുതിയ പാനല്‍ സമർപ്പിക്കാൻ സർക്കാരിനോട് ഹെെക്കോടതി

കൊച്ചി. കേരള സാങ്കേതിക സർവകലാശാലയുടെ താത്ക്കാലിക വിസിയായി നിയമിക്കപ്പെട്ട സിസ തോമസിന് പുതിയ വിസിയെ നിയമിക്കുന്നത് വരെ തൽസ്ഥാനത്ത് തുടരാമെന്ന് ഹെെക്കോടതി. താൽക്കാലികമായി നിയമിക്കപ്പെട്ടതി നാലാണ് സിസ തോമസിന്റെ നിയമനം റദ്ദാക്കാത്തത് – ഡിവിഷൻ ബെഞ്ച് പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ താത്ക്കാലിക നിയമനമാണ് സിസ തോമസിന്‍റേതെന്നും പുതിയ പാനല്‍ ഉടൻ സർക്കാർ സമര്‍പ്പിക്കണമെന്നും കോടതി നിർദേശിച്ചു.

സിസ തോമസിനെ കെ ടി യുവിന്റെ താത്ക്കാലിക വെെസ് ചാൻസലറായി നിയമിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹെെക്കോടതി സിംഗിൽ ‌ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യ പ്പെട്ടുകൊണ്ടായിരുന്നു സർക്കാർ അപ്പീൽ നൽകിയത്.

കെ ടി യു ആക്ട് പ്രകാരം ഇടക്കാല വി സി നിയമനത്തിനുള്ള പേരുകള്‍ നല്‍കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ക്ക് പുറത്തുനിന്നാണ് സിസ തോമസിന്റെ നിയമനം നടന്നത്. പുതിയ ഇടക്കാല വിസി നിയമനത്തിനുള്ള പട്ടിക സര്‍ക്കാരിന് കൈമാറാം. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരുടെ പട്ടികയാകണം ചാന്‍സലര്‍ക്ക് നൽകേണ്ടത്. പട്ടിക ലഭിച്ച ശേഷം ഉചിതമായ തീരുമാനം ചാന്‍സലര്‍ക്ക് കൈക്കൊള്ളാം – ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.