ഹൃദയം സ്‌നേഹം കൊണ്ട് നിറയ്ക്കുക, അത്രയധികം നീ സുന്ദരിയാകും, മകള്‍ക്ക് ജന്മദിനാശംസ നേര്‍ന്ന് സിത്താര

മലയാളികളുടെ പ്രിയ ഗായികമാരില്‍ ഒരാളാണ് സിത്താര കൃഷ്ണകുമാര്‍. സിത്താരയ്ക്ക് ഒപ്പം തന്നെ മകള്‍ സാവന്‍ ഋതുവും മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ്. ഇപ്പോള്‍ കുഞ്ഞ് സായുവിന് ജന്മദിനാശംസകള്‍ പങ്കുവെച്ച് സിത്താര കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മകളെ കുഞ്ഞുമണി എന്ന് വിളിച്ചാണ് സിത്താരയുടെ കുറിപ്പ് ആരംഭിക്കുന്നത്.

കുഞ്ഞുമണി, നിന്നോട് ചിലത് പറയുകയാണ്. നീ ഒരു വര്‍ഷം കൂടി വലുതായി. അതുപോലെ നിന്റെ ഹൃദയവും. അത് സ്‌നേഹം കൊണ്ടു നിറയ്ക്കുക. നീ എത്രത്തോളം സ്‌നേഹിക്കുന്നുവോ അത്രയധികം നീ സുന്ദരിയാകും. അത്രത്തോളം നീ ആത്മവിശ്വാസം നേടും.

കൂടുതല്‍ കരുത്തയാകും. സ്‌നേഹിക്കുന്നതിലും ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിലും സ്‌നേഹിക്കപ്പടുന്നതിലും നീ സന്തോഷം കണ്ടെത്തുക, സായുവിന് ജന്മദിന ആശംസകള്‍ എന്നാണ് സിത്താര കൃഷ്ണകുമാര്‍ എഴുതിയിരിക്കുന്നത്.

ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് സിത്താര ചലച്ചിത്ര പിന്നണി ഗാന രംഗത്തെത്തിയത്. തുടര്‍ന്ന് മലയാള സിനിമയില്‍ ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിക്കാന്‍ സിത്താരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.