കനല്‍ അടങ്ങാത്ത നന്മ, ശിവരാമന് ചിതയൊരുക്കാന്‍ സ്ഥലം നല്‍കി ഷാഹുല്‍ ഹമീദ്

തൃശൂര്‍: കാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മതത്തിന്റെ യാതൊരു വേര്‍തിരിവുകളുമില്ലാതോ മയ്യത്ത് കുളിപ്പിച്ച് ശിവാരാമന്‍ ചെയ്ത നന്മ ഒടുവില്‍ അദ്ദേഹത്തെ തിരികെ തേടിയെത്തി. സ്വന്തം ചിത ഒരുക്കാനായുള്ള ആറടി മണ്ണിനായി ആ ചേതനയറ്റ ശരീരം കാത്ത് കിടക്കേണ്ടി വന്നില്ല. അന്ന് കാട്ടൂര്‍ കുട്ടമംഗലം മലയാറ്റില്‍ ശിവരാമന്‍ പിതാവിന് തുല്യം സ്‌നേഹിക്കുകയും ബാപ്പയെന്ന് വിളിക്കുകയും ചെയ്തിരുന്ന അഹമ്മദ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മക്കളോട് ഒരാഗ്രഹം പറഞ്ഞു.

മൃതദേഹം കുളിപ്പിക്കാന്‍ തന്നെ അനുവദിക്കണം എന്നായിരുന്നു ശിവരാമന്‍ പറഞ്ഞത്. ഇതിന് മക്കള്‍ സമ്മതിച്ചു. കാലങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് 67കാരനായ ശിവരാമന്‍ മരിച്ചത്. അതും മറ്റൊരു മുസ്ലീം കുടുംബത്തിന്റെ വാടകവീട്ടില്‍ വെച്ചായിരുന്നു മരണം. ചിതയൊരുക്കാന്‍ ഒരു തുണ്ട് ഭൂമിയില്ല. ഈ വിഷമം മനസിലാക്കിയ ആ വീട്ടുടമ സ്വന്തം പറമ്പില്‍ ചിതയ്ക്ക് ഇടം നല്‍കി.

സ്വന്തം വീടും സ്ഥലവും എല്ലാം ചികിത്സയ്ക്ക് ആയാണ് ശിവരാമന് വില്‍ക്കേണ്ടി വന്നത്. കാട്ടൂര്‍ പൊഞ്ഞനം ദുബായ്മൂല സ്വദേശിയും പൊഞ്ഞനം ജുമാ മസ്ജിദ് പ്രസിഡന്റ് പടവലപ്പറമ്പില്‍ മുഹമ്മദാലിയുടെ മകനുമായ ഷാഹുല്‍ ഹമീദാണ് ചിതയൊരുക്കാന്‍ മണ്ണ് നല്‍കിയത്. മുപ്പത് വര്‍ഷത്തോളം ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ശിവരാമന്‍. വര്‍ഷങ്ങളായി വൃക്ക – ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടി വരികയായിരുന്നു.

എട്ട് വര്‍ഷങ്ങളായി വാടകയ്ക്കാണ് താമസം. അബുദാബിയിലായിരുന്നു അദ്ദേഹം. ഒന്നര വര്‍ഷമായി നാട്ടില്‍ വായാപാര സ്ഥാപനങ്ങള്‍ നോക്കി നടത്തി വരികയാണ്. ശിവരാമന്റെ മരണ വിവരം അറിയിച്ച ബന്ധുക്കള്‍ വടൂക്കരയിലെ ശ്മശാനത്തില്‍ സംസ്‌കരിക്കാനാമ് ഉദ്ദേശിക്കുന്നതെന്ന് ഷാഹുല്‍ ഹമീദിനോട് പറഞ്ഞത്. എന്നാല്‍, സ്വന്തം പറമ്പില്‍ ചടങ്ങുകള്‍ ചെയ്യാന്‍ കഴിയാത്തതില്‍ കുടുംബത്തിനു സങ്കടമുണ്ടെന്നു മനസ്സിലാക്കിയ ഷാഹുല്‍ ഹമീദ് വീടിനോടു ചേര്‍ന്ന പുരയിടത്തില്‍ സംസ്‌കാരം നടത്താന്‍ അനുവദിച്ചു. ”ആ കുടുംബത്തിന്റെ വിശ്വാസമനുസരിച്ച് അവരുടെ പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ കഴിയണമെന്നു തോന്നി.” ഷാഹുല്‍ ഹമീദ് പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു സംസ്‌കാരം. അതിനു ശേഷം ലഭിച്ച ഫോണ്‍ കോളുകളില്‍ നിന്നാണ് 25 വര്‍ഷം മുന്‍പ് ശിവരാമന്‍, അഹമ്മദിന്റെ മൃതദേഹം കുളിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചതും മറ്റും ഷാഹുല്‍ ഹമീദ് അറിയുന്നത്.