പാമ്പുകടിയേറ്റ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഒന്നരവയസുകാരിക്ക് കോവിഡ്, അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ

രാജപുരം: ക്വറന്റീനില്‍ ഇരിക്കെ കുഞ്ഞിന് പാമ്പ് കടിയേറ്റ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. പാണത്തൂര്‍ വട്ടക്കയത്തെ വീട്ടില്‍ ക്വാറന്റിന്‍ ഇരിക്കെയാണ് ഒന്നര വയസുകാരിയെ പാമ്പ് കടിക്കുന്നത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ കോവിഡ് ഐസിയുവില്‍ നിന്നും പാമ്പിന്റെ ആക്രമണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് കുഞ്ഞ്. മരണത്തെ മുഖാമുഖം കണ്ടിടത്ത് നിന്നാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയാണ് ഇതോടെ സഫലമായത്.

ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കുഞ്ഞ് അപകടനില തരണം ചെയ്യുകയും തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും റൂമിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയ്ക്ക് ഇടെ കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന അമ്മയ്ക്ക് ഒപ്പമാണ് കുട്ടി ആശുപത്രിയിലുള്ളത്. ചൊവ്വാഴ്ച രാത്രിയായിരുന്നു കുഞ്ഞിനെ പാമ്പ് കടിച്ചത്.

ക്വാറന്റീനില്‍ ആയിരുന്നതിനാല്‍ കോവിഡ് ഭയന്ന് കുട്ടിയെ പാമ്പ് കടിച്ചിട്ടും ആരും രക്ഷിക്കാന്‍ മുന്നോട്ട് വന്നില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യു ആണ് കുഞ്ഞിനെ രക്ഷിച്ചത്. ജിനിലിന്റെ കൂട് പാണത്തൂരിലെ സന്നദ്ധ പ്രവര്‍ത്തകരായ പെരുമാലില്‍ ജോമോനും കുഞ്ഞിന്റെ ഒപ്പം ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോയി. ഇതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന യുവാക്കള്‍ സ്വകാര്യ വാഹനം തരപ്പെടുത്തിയ ശേഷം കുട്ടിയുമായി മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിച്ചു. മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിച്ച യുവാക്കളും ക്വാറന്റീനിലാണ് ഇപ്പോള്‍.