ഇങ്ങനെ അലറുന്നതെന്തിന്, ചെവിപൊട്ടിപ്പോകുന്നു, രാണുവിന്റെ പാട്ടിന് വിമർശനം

രാണു മണ്ഡാലിനെ മലയാളികൾ ആരും മറക്കാൻ സാധ്യതയില്ല. ഇപ്പോളിതാ പാട്ടിലൂടെ രാണു സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. ശ്രീലങ്കൻ ഗാനമായ ‘മനികാ മാകെ ഹിതേ രാണു’ ആലപിച്ചത് ആളുകൾക്ക് അത്ര പിടിച്ചില്ല. ആലാപനം അരോചകമാണെന്നും എന്തിനാണ് ഇങ്ങനെ അലറുന്നത് എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. പാട്ട് കേട്ട് ചെവി പൊട്ടിപ്പോകുന്നു എന്നാണ് വിഡിയോയ്ക്കു താഴെ മറ്റുചിലർ കമന്റുകളിട്ടത്. ഒരു മികച്ച ഗാനത്തെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നും ചിലർ കുറിച്ചു.

വീഡിയോ വൈറലായതിനുപിന്നാലെ നിരവധി ട്രോളുകളാണ് നവ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കൊൽക്കത്ത റെയിൽ വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇരുന്നുള്ള റാണുവിന്റെ ഒരു ഗാനമാണ് ഇവരെ സോഷ്യൽ മീഡിയ സെൻസേഷൻ ആക്കിയത്. അതിന് പിന്നാലെയാണ് ഹിമേഷിന്റെ ഗാനത്തിലൂടെ ഇവർ ബോളിവുഡിലേക്ക് അരങ്ങേറിയത്.

റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റ്റേഷനിലെത്തിയപ്പോൾ യാദൃശ്ചികമായി റാണു, ലത മങ്കേഷ്കർ സൂപ്പർ ഹിറ്റാക്കിയ ‘ഏക് പ്യാർ കാ നഗ്മാ ഹെയ്’ എന്ന ഗാനം അതിമധുരമായി ആലപിക്കുന്നതുകണ്ട് അത് തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ആ വീഡിയോ ഞൊടിയിടയിൽ വൈറലായി. ലക്ഷക്കണക്കിനാൾക്കാർ കാണുകയും ഷെയർ ചെയ്യുകയും സംഭവം ബോളിവുഡിൽ വരെ എത്തുകയും ചെയ്തു. റാണു മണ്ഡലിനെപ്പറ്റി നാനാദിക്കിൽനിന്നും അന്വേഷണങ്ങൾ വന്നു.