ഹൈബി ഈഡനെ തറപറ്റിക്കാൻ സോളാർ നായിക; മത്സരിക്കുന്നത് എറണാകുളം മണ്ഡലത്തിൽ സ്വതന്ത്രയായി

കൊച്ചി: കെ.വി. തോമസിനെ വെട്ടി എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥിയായ ഹൈബി ഈഡനു വെല്ലുവിളിയായി സോളാർ നായിക. ഹൈബിക്കെതിരായി മത്സരിക്കാനൊരുങ്ങുകയാണ് സോളാർ പരാതിക്കാരിയെന്നാണ് പുതിയ റിപ്പോർട്ട്. സോളാർ കേസിലെ ആരോപണ വിധേയർ മത്സരിച്ചാൽ എതിരായി മത്സരിക്കുമെന്ന് നേരത്തെ ഇവർ വ്യക്തമാക്കിയിരുന്നു.

നിലവിൽ ഹൈബി ഈഡനെതിരെ മാത്രം മത്സരിക്കാനാണ് തീരുമാനം. ഉമ്മൻചാണ്ടി സ്ഥാനാർഥി ലിസ്റ്റിൽ നിന്നും പുറത്തായില്ലായിരുന്നുവെങ്കിൽ ഉമ്മൻചാണ്ടിക്കെതരെ മത്സരിക്കാനായിരുന്നു ഇവരുടെ നീക്കം.

തെരഞ്ഞെടുപ്പ് സമയത്ത് സോളാർ വിഷയം ആളിക്കത്തിക്കുന്നതിന്‍റെ ഭാഗമാണ് പരാതിക്കാരിയുടെ രംഗ പ്രവേശനമെന്നും സൂചനയുണ്ട്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ തകർത്തെറിഞ്ഞത് സോളാർ വിഷയമായിരുന്നു.

നിലവിൽ സ്വതന്ത്രയായിട്ടായിരിക്കും പരാതിക്കാരി മത്സരിക്കുക. താന്‍ ഉന്നിയിച്ചത് വ്യാജ ആരോപണമല്ല. കൃത്യമായ തെളിവുകള്‍ കൈവശമുണ്ട്. അത് സഹിതമാണ് മത്സരിക്കുക. മുമ്പ് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അത്തരം രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും പരാതികാരി നേരത്തെ പറഞ്ഞിരുന്നു.