കേന്ദ്ര അന്വേഷണ ഏജന്‍സികളെ ചിലര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ അതിന് പിന്നിലുണ്ടെന്നും മുഖ്യമന്ത്രി

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ചിലര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതൊക്കെ കൂട്ടരാണ് അതെന്ന് എനിക്ക് കൃത്യമായി അറിയില്ല. കേന്ദ്ര സര്‍ക്കാര്‍ അതിന് പിന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ബഹുമാനം അര്‍ഹിക്കുന്നവരാണ്. അവര്‍ നിയമപ്രകാരമാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. ചില നിക്ഷിപ്ത താത്പര്യമുള്ളവര്‍ ഭരണാധികാരികളായി ഇരിക്കുമ്പോള്‍ ഏജന്‍സികളെ തെറ്റായി ഉപയോഗിക്കാന്‍ നോക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ്പ, പ്രളയം, കൊവിഡ് അടക്കമുള്ള പ്രതിസന്ധികളെ സര്‍ക്കാര്‍ തരണം ചെയ്തത് ജനങ്ങള്‍ ആകെ അണിനിരന്നതുകൊണ്ടാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ അവരവരുടെ പങ്ക് വഹിച്ചു. സര്‍ക്കാരിന് അത് കോ ഓര്‍ഡിനേറ്റ് ചെയ്യണ്ട ചുമതലയായിരുന്നു. അത് പൂര്‍ണമായി ഏറ്റെടുക്കാന്‍ ജനങ്ങള്‍ സന്നദ്ധമായി. ഓരോന്നിന്റെയും വിജയം ജനങ്ങളുടെ വിജയമാണ്. വിജയത്തിന്റെ അടിസ്ഥാനം ജനങ്ങളോടൊപ്പം നില്‍ക്കുക എന്നതിലാണ്. ആത്മാര്‍ത്ഥമായിട്ടാണ് ജനങ്ങളെ സമീപിക്കേണ്ടത്. കപട മുഖമായി ചെന്നാല്‍ ജനങ്ങള്‍ മുഖം തിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെതിരെയുള്ള പല ആക്രമണങ്ങളും കെട്ടിചമച്ച പ്രശ്നങ്ങളുടെ പേരിലായിരുന്നു. ഒരുകാലത്ത് നാട്ടിലുള്ള ഏത് നല്ലവീട് കണ്ടാലും അത് പിണറായി വിജയന്റെ വീടാണെന്ന് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ വരുമ്പോള്‍ ചിലര്‍ വല്ലാതെ വേദനിക്കും. പതറും. എന്നാല്‍ എനിക്ക് അങ്ങനെയുണ്ടാകാറില്ല. കാരണം അത് വ്യക്തിപരമായിട്ടുള്ള ആക്രമണമല്ല. പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തപ്പെട്ട ആളെന്ന നിലയില്‍ എന്നെ ഒരു പ്രതീകമാക്കി നടക്കുന്ന ആക്രമണമായേ അത് കാണാറുള്ളൂ. ഏത് ആരോപണം വന്നാലും ബാധിക്കില്ല. ചിലത്, ചിലര്‍ അണിയറയില്‍ ഒരുക്കികൊണ്ടിരിക്കുകയാണല്ലോ. ശുദ്ധമായ ഒരു ജീവിതം നയിക്കുകയാണെങ്കില്‍ ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.