ഇരിക്കൂറില്‍ ഉടന്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി

ഇരിക്കൂറില്‍ ഉടന്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. സോണി സെബാസ്റ്റ്യന്‍ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തി. അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് ഉമ്മന്‍ ചാണ്ടി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. എ ഗ്രൂപ്പ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ കെ സുധാകരനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

തലശേരി ബിഷപ്പ് ഹൗസില്‍ വെച്ച് ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥിയായ സജീവ് ജോസഫുമായും ചര്‍ച്ച നടത്തി. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റടക്കം എ ഗ്രൂപ്പിന് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. പ്രതിഷേധക്കാരുടെ വികാരം മനസിലാക്കുന്നുവെന്നും ഉടന്‍ പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടി. നാളെ രമേശ് ചെന്നിത്തലയുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ഉമ്മന്‍ ചാണ്ടി വിഷയം ചര്‍ച്ച ചെയ്യും.

അതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും എ ഗ്രൂപ്പ് നേതാക്കളെ അദ്ദേഹം അറിയിച്ചു. വിമത നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്.