കർണാടക മന്ത്രിസഭയിൽ പൊട്ടിത്തെറി: യെദ്യൂരപ്പയെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം രംഗത്ത്

കർണാടക മന്ത്രിസഭയിൽ ഭരണകക്ഷിയായ ബിജെപിയിലെ ഒരുവിഭാഗം മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ രംഗത്ത്. ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാരും മന്ത്രിമാരുമാണ് മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

മാസങ്ങൾക്ക് മുൻപ് തന്നെ ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ പാർട്ടിയിലെ തന്നെ അംഗങ്ങൾ രംഗത്തെത്താൻ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി യെദ്യൂരപ്പയെ മാറ്റാൻ മന്ത്രിമാരിൽ ചിലരും എംഎൽഎമാരും ശ്രമം നടത്തുന്നുണ്ടെന്ന് റവന്യൂമന്ത്രി ആർ.അശോക് പറഞ്ഞിരുന്നു. അതിനിടെ ടൂറിസം മന്ത്രി സി.പി യോഗേശ്വരൻ, എംഎൽഎ അരവിന്ദ് ബെല്ലാഡ് എന്നിവർ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റവന്യൂ മന്ത്രിയുടെ പ്രതികരണം. മുതിർന്ന നേതാക്കളടക്കം മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് കത്തും നൽകിയിരുന്നു. എന്നാൽ കൊവിഡ് പ്രതിരോധത്തിനും ജനതാത്പര്യം സംരക്ഷിക്കാനുമായിരിക്കും തന്റെ ശ്രദ്ധയെന്നാണ് ഈ വിഷയത്തിൽ യെദ്യൂരപ്പ പ്രതികരിച്ചത്.