കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണലിന് സൈനിക വേഷത്തില്‍ സല്യൂട്ട് നല്‍കി മകന്‍

ന്യൂഡല്‍ഹി. കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ്ങിന് മകന്‍ സൈനിക വേഷം ധരിച്ച് സല്യൂട്ട് നല്‍കി. മന്‍പ്രീത് സിങ്ങിന്റെ ഔതികദേഹം വീട്ടില്‍ എത്തിച്ചപ്പോഴായിരുന്നു ആറ് വയസ്സുകാരനായ മകന്‍ സൈനിക വേഷത്തില്‍ സല്യൂട്ട് നല്‍കിയത്. പഞ്ചാബിലെ മൊഹാലി ജില്ലയിലെ മുല്ലന്‍പുര സ്വദേശിയാണ് കേണല്‍ മന്‍പ്രീത് സിങ്ങ്.

ആറ് വയസ്സുകാരനായ മകനൊപ്പം രണ്ടുവയസ്സുകാരിയായ മകളും സല്യൂട്ട് നല്‍കി. മന്‍പ്രീത് സിങ്ങിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. കൊകോരെനാഗിലെ നിബിഡ വനങ്ങളില്‍ ഭീകരരെ തുരത്തുന്നതിനിടെയാണ് 19 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോനക്, പോലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ബട്ട് എന്നിവര്‍ മരിച്ചത്.

കേണല്‍ മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലാണ് മുന്നേറ്റം നടത്തിയത്. സൈന്യം ഭീകരര്‍ക്ക് നേരെ വെടിവെച്ചു. എന്നാല്‍ ഒളിയിടത്തില്‍ നിന്നുണ്ടായ ശക്തമായ ആക്രമണത്തില്‍ മൂവരും വെടിയേറ്റു വീഴുകയായിരുന്നു.