പ്രണയിച്ച കൂട്ടുകാരിക്കൊപ്പം ജീവിക്കാൻ ലിംഗമാറ്റം നടത്തിയ ലെസ്ബിയൻ പങ്കാളിയെ ചതിച്ച് സോണൽ, നെഞ്ചു പൊട്ടി സന

ഇഷ്ടപ്പെട്ട യുവതിയോടൊപ്പം ജീവിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ലെസ്ബിയൻ ദമ്പതികളിൽ ഒരാൾ പറ്റിക്കപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിയായ സർക്കാർ ജീവനക്കാരിയാണ് പങ്കാളിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. സർക്കാർ ജീവനക്കാരിയായ സന ഝാൻസിയിലെ ഒരു വീട്ടിൽ താമസം ആരംഭിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. താമസത്തിനെത്തിയ വീട്ടിലെ സോണൽ എന്ന യുവതിയുമായി സന പ്രണയത്തിലാവുകയായിരുന്നു.

സോണൽ അപ്പോൾ മാതാപിതാക്കളോടൊപ്പം ആയിരുന്നു താമസം. സോണലിന്റെ വീടിന്റെ മുകൾ നിലയിലായിരുന്നു സന താമസിച്ചിരുന്നത്. സോണലും സനയും തമ്മിൽ വേഗത്തിൽ അടുത്തു. നാല് മാസത്തിനുള്ളിൽ ഇത് പ്രണയ ബന്ധമായി മാറി. ഇരുവരും തമ്മിലുള്ള പ്രണയം അംഗീകരിക്കാതിരുന്ന കുടുംബം സനയോട് മാറി താമസിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സർക്കാർ ജീവനക്കാരിയായ സന 2016 ൽ ഝാൻസിയിലേക്ക് സ്ഥലം മാറിയെത്തുകയായിരുന്നു. സോണലിന്റെ വീട്ടിൽ നിന്നും മാറണമെന്ന് ആവശ്യപ്പെട്ടതോടെ സന 2017 ആഗസ്റ്റ് 10ന് സർക്കാർ ക്വാർട്ടേഴ്സിലേക്ക് താമസം മാറി. സന താമസം മാറിയത് സോണലിന് താങ്ങാൻ കഴിഞ്ഞില്ല. നാല് ദിവസത്തിനു ശേഷം സോണൽ സനയോടൊപ്പം താമസിക്കുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങി പോയി.

ഒരുമിച്ച് ജീവിതം ആരംഭിച്ചതിനു പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകാൻ സോണൽ സനയെ പ്രേരിപ്പിച്ചു. ഇതിനിടെ ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രി ഇരുവരും ഇതിനായി സന്ദർശിക്കുകയും ഉണ്ടായി. സനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ കഴിയവെ ഭാര്യയുടെ ഒപ്പ് ആവശ്യമുള്ള ഇടങ്ങളിലെല്ലാം സോണലാണ് സനക്കായി ഒപ്പിട്ടു കൊടുത്തത്.

ഈ സാഹചര്യത്തിൽ സനയ്ക്ക് സർക്കാർ ജോലി ഉള്ളതിനാൽ തനിക്കും ഒരു സർക്കാർ സർവീസിൽ പ്രവേശിക്കണമെന്ന ആഗ്രഹം സോണലിനും ഉണ്ടായി. 2022ൽ സോണലിന് യഥാർത്ഥ് ആശുപത്രിയിൽ ജോലി കിട്ടി. ഇതിനിടെ സോണലിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ടെന്ന് സന തിരിച്ചറിഞ്ഞു. തനിക്കൊപ്പം സമയം ചെലവഴിക്കാൻ സോണൽ വിമുഖത കാണിക്കുന്നതായി സനക്ക് തോന്നി തുടങ്ങി. ഒരു ദിവസം വീഡിയോ കോൾ ചെയ്യുകയായിരുന്ന സോണൽ തനിക്ക് തന്റെ വീട്ടുകാരെ കാണാതിരിക്കാനാകുന്നില്ലെന്ന് കരഞ്ഞു പറയുന്നത് സന കാണുവാനും ഇടയായി. താമസിക്കാതെ സോണലിന് ഗ്യാൻ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് സന കണ്ടെത്തുകയായിരുന്നു. ഇതോടെ ഗ്യാനൊപ്പം ജീവിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് സോണൽ തറപ്പിച്ചു പറയുകയും ഉണ്ടായി.

ഇതിനിടെ സനയ്ക്കൊപ്പമുള്ള താമസം നിർത്തി സോണൽ തന്റെ കുടുംബത്തിലേക്ക് മടങ്ങി പോയി. കൂടാതെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങൾ ആരോപിച്ച് സനയ്ക്കെതിരെ കേസ് ഫയൽ ചെയ്യുകയും ഉണ്ടായി. ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയപ്പോൾ പോലീസിനോടാണ് സന തന്റെ ദുരവസ്ഥ വിവരിച്ചിരിക്കുന്നത്. നിരവധി തവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാതിരുന്ന സോണലിനെ ജനുവരി 18ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ സോണൽ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്. ഫെബ്രുവരി 23നാണ് കേസ് വീണ്ടും പരിഗണിക്കാനിരിക്കുന്നത്.