നേതാക്കള്‍ സംയമനം പാലിക്കണം പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ പറയരുതെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി. ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ കളങ്കമുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തരുതെന്നും അത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. അതേസമയം നേതാക്കള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

ഇത് വിശ്രമത്തിനുള്ള സമയമല്ല. 10 വര്‍ഷമായി ബിജെപി ഭരിക്കുന്നു. സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. ഇത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവെച്ച് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ വിജയത്തിന് മുന്‍ഗണന നല്‍കണം. ഐക്യത്തിലൂടെയും അച്ചടക്കത്തിലൂടെയും മാത്രമെ നമുക്ക് എതിരാളികളെ നേരിടാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.