സ്റ്റുഡൻസ് പൊലീസിന് ഹിജാബ് പാടില്ല; ഉത്തരവ് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് വനിതാ ലീഗ്

സ്റ്റുഡന്റ് പൊലീസിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ലെന്ന സർക്കാർ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ എസ്പിസിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നാണ് ഉത്തരവിലുള്ളത്. എന്നൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യൻ മതേതരത്വത്തിന്റെ അന്ത:സത്തക്ക് ഇത് വിരുദ്ധമാണെന്നാണ് വനിതാ ലീഗ് നിലപാട്. ഗ്രേസ്‌ മാർക്കും മറ്റും ലഭിക്കുന്ന എസ്പിസിയിൽ മതത്തിന്റെ ഭാഗമായ വേഷങ്ങൾ അനുവദിക്കാത്തത്‌ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വനിതാ ലീഗ് പ്രസിഡണ്ട് സുഹ്റ മമ്പാട്‌ പ്രതികരിച്ചു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിൽ ഹിജാബും ഫുൾസ്ലീവും അനുവദിക്കണമെന്ന ആവശ്യം സർക്കാർ തള്ളുകയായിരുന്നു. സേനയിൽ ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിലാണ് സർക്കാർ ഉത്തരവ്. മതപരമായ വസ്ത്രങ്ങൾ സേനയുടെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കുള്ളതെന്നും വിശദീകരിച്ചു.

ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും. സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമാകുമെന്ന് കാണിച്ചാണ് ഹിജാബും സ്‌കാർഫും അനുവദിക്കാനാവില്ലെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചത്. കുറ്റ്യാടി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സർക്കാരിനെ സമീപിക്കാനായിരുന്നു ജസ്റ്റിസ് വി വി കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചത്.

വിവിധ മതവിഭാഗത്തിലുള്ളവർ സ്റ്റുഡൻസ് പോലീസിലുണ്ട്. അതിൽ മുസ്ലിം വിഭാഗത്തിലുള്ളവർ ഉൾപ്പെടെ അമ്പത് ശതമാനം പെൺകുട്ടികളാണ്. ഇതുവരെ ഇത്തരമൊരു ആവശ്യം ഉയർന്നിരുന്നില്ല. ഒരു പെൺകുട്ടി മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അംഗീകരിക്കാനാവില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.

ഇന്ത്യൻ ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നത് തന്റെ അടിസ്ഥാനപരമായ അവകാശമാണെന്നും, മതപരമായ വസ്ത്രം താൻ ധരിക്കുന്നത് കൊണ്ട് സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താൻ ഹനിക്കുന്നില്ലെന്നും കുട്ടി ഹർജിയിൽ പറയുന്നു. എന്നാൽ കുട്ടികളിൽ അച്ചടക്കം, നിയമബോധം, പൗരത്വബോധം, എന്നിവ വളർത്താനായി രൂപീകരിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിൽ എന്തിനേക്കാൾ പ്രാധാന്യം രാജ്യത്തിനാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.