പ്രതിപക്ഷ ബഹളം; വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്ത്‌ സ്പീക്കര്‍ , സഭ ഇന്നും പിരിഞ്ഞു

തിരുവനന്തപുരം : പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച സഭ ചേര്‍ന്നത് വെറും ഒന്‍പത് മിനിറ്റ്.
ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഓഫ് ചെയ്തു. എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിപക്ഷം നിയമസഭയിൽ കത്തിക്കയറി.

കഴിഞ്ഞ ദിവസം നിയമസഭയിൽ ഉണ്ടായ സംഭവങ്ങളെ തുടർന്ന് വാദി പ്രതിയായ സ്ഥിതിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തത്. ഇതോടെ പ്രതിപക്ഷം കൂടുതൽ ബഹളമുണ്ടാക്കി സഭ കൂടാനാകാത്ത സാഹചര്യമുണ്ടായി. എന്നാൽ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാത്തത് നിരാശജനകമാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു.

അതേസമയം ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടിവി കാണിച്ചില്ല. നിയമസഭയിലുണ്ടായ കയ്യാങ്കളി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതും സ്പീക്കർ അംഗീകരിച്ചിരുന്നില്ല. ബുധനാഴ്ച സ്പീക്കറുടെ ഓഫീസിനുമുന്നിലുണ്ടായ സംഘർഷത്തിൽ ഭരണ-പ്രതിപക്ഷ എം.എൽ.എ.മാരെയും വാച്ച് ആൻഡ് വാർഡിനെയും പ്രതിയാക്കി മ്യൂസിയം പോലീസ് കേസെടുത്തിരുന്നു.