കേരളത്തിൽ മുസ്‍ലിംകളെയും ക്രൈസ്തവരെയും ഒപ്പം നിർത്താൻ പ്രത്യേക പ്രചാരണ പരിപാടി

ന്യൂഡൽഹി. കേരളത്തിൽ തിരഞ്ഞെടുപ്പിൽ വിജയിക്കുവാൻ പുതിയ നീക്കവുമായി ബിജെപി. കേരളത്തിൽ മുസ്‍ലിംകളെയും ക്രൈസ്തവരെയും ഒപ്പം നിർത്താൻ 10 ലോക്സഭാ മണ്ഡലങ്ങളിൽ പ്രത്യേക പ്രചാരണ പരിപാടി നടത്തും. ഇതിന്റെ ഭാഗമായി സ്നേഹ സമ്മേളനങ്ങളും സ്കൂട്ടർ യാത്രകളും ന്യൂനപക്ഷ മോർച്ച സംഘടിപ്പിക്കും.

ഒരു മണ്ഡലത്തിൽ നിന്ന് അയ്യായിരം പേരെ പാർട്ടിക്കൊപ്പം നിർത്തുകയാണ് ലക്ഷ്യമെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ പറഞ്ഞു. ബിജെപിക്കു വോട്ടു ചെയ്യാത്ത സമുദായങ്ങളെയും ചേർത്തു നിർത്തണമെന്ന ദേശീയ നിർവാഹകസമിതി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് ബിജെപി ദേശീയ ന്യൂനപക്ഷ മോർച്ച രാജ്യമാകെ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിനായി ആകെ 60 ലോക്സഭാ മണ്ഡലങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ചാലക്കുടി, മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട്, കാസർകോട് മണ്ഡലങ്ങളാണുള്ളത്. ആരാധനാലയങ്ങൾക്കു നേരെയുള്ള അക്രമം, നേതാക്കളുടെ വിദ്വേഷ പരാമർശങ്ങൾ എന്നിവയ്ക്കെതിരാണ് ബിജെപിയെന്ന് നേതൃത്വം പറയുന്നു.