20കാരിയെ 50കഴിഞ്ഞയാൾ വിവാഹം കഴിക്കുന്നു, എന്ത് ​ഗതികേടിലാവും ആ പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചത്- സിസ്റ്റർ ലൂസി

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയതിനെത്തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഫാദർ റോബിൻ വടക്കുംചേരി തനിക്ക് രണ്ടുമാസത്തെ താൽക്കാലിക ജാമ്യം നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പീഡനക്കേസുമായി ബന്ധപ്പെട്ട് 20 വർഷത്തെ കഠിന തടവിന് വിധിച്ചിരിക്കുന്ന ഫാദർ റോബിൻ വടക്കാഞ്ചേരി പുതിയ അപേക്ഷയുമായാണ് കോടതിയിൽ കയറിയിരിക്കുന്നത്.പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് റോബിൻ വ്യക്തമാക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര.

ശിക്ഷയിൽ നിന്ന് രക്ഷപെടാൻ പുതിയ നാടകവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ വൈദികൻ റോബിൻ. ഇരുപത് വയസുകാരിയായ ആ പെൺകുട്ടിയെ അൻപത് കഴിഞ്ഞ റോബിൻ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ദുർബലരായ ആ പെൺകുട്ടിയുടെ കുടുംബത്തിന്റെ നിസ്സഹായതയാണ് ഇതുപോലൊരു നീക്കം നടത്താൻ റോബിൻ എന്നയീ കുറ്റവാളിക്ക് ധൈര്യം കൊടുക്കന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര ഫേസ്ബുക്കിൽ കുറിച്ചു

കുറുപ്പിന് പൂർണരൂപം വായിക്കാം

പ്രായപൂർത്തിയാകാത്തൊരു പിഞ്ചു പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റത്തിന് ജയിൽ ശിക്ഷയനുഭവിക്കുന്ന റോബിൻ എന്ന മുൻ വൈദികൻ ഇപ്പോൾ ശിക്ഷയിൽ നിന്ന് രക്ഷപെടാൻ പുതിയ നാടകവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇരുപത് വയസുകാരിയായ ആ പെൺകുട്ടിയെ അൻപത് കഴിഞ്ഞ റോബിൻ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ദുർബലരായ ആ പെൺകുട്ടിയുടെ കുടുംബത്തിന്റെ നിസ്സഹായതയാണ് ഇതുപോലൊരു നീക്കം നടത്താൻ റോബിൻ എന്നയീ കുറ്റവാളിക്ക് ധൈര്യം കൊടുക്കന്നത് എന്ന് എല്ലാവർക്കുമറിയാം. പക്ഷേ ഒരു ചെറുവിരൽ പോലുമനക്കാൻ ആർക്കും ധൈര്യമില്ല. കാരണം എതിർക്കേണ്ടത് ഒരു സാധാരണക്കാരനെയല്ലല്ലോ. അതിശക്തമായ ഒരു മുൻപുരോഹിതനാണ് മറുവശത്ത്. അയാളെ സംരക്ഷിക്കുന്നതോ പ്രബലരായ കത്തോലിക്കാ സഭയും. എതിർക്കുന്നവരുടെ വാക്കുകൾ തൊണ്ടയിൽത്തന്നെ കുരുങ്ങും, എഴുതുന്ന പേനയിലെ മഷിയുറഞ്ഞ് പോകും.

അറിവില്ലാത്ത പ്രായത്തിൽ ഇത്തരമൊരു ക്രൂരതക്ക് ഇരയാക്കപ്പെട്ട ആ പാവം പെൺകുട്ടി ഇതിനകം എത്ര അനുഭവിച്ച് കാണും. നാട്ടുകാരുടെയും ബന്ധുക്കളുടേയുമൊക്കെ മുന്നിൽ ഏതെല്ലാം രീതിയിൽ അവൾ പരിഹാസപാത്രമായിട്ടുണ്ടാകാം. എല്ലാവരും അവളെ കുറ്റപ്പെടുത്തിയിട്ടുണ്ടാകാം. എല്ലാ തെറ്റും അവളുടേതാണ് എന്ന് പറഞ്ഞ് മനസു തളർത്തിയിട്ടുണ്ടാകാം. ഇപ്പോൾ പോലും തനിക്ക് ചുറ്റുമുള്ളവർ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കേണ്ട ഗതികേടിലാകാം ആ പെൺകുട്ടി. അതുകൊണ്ടാണല്ലോ തന്നെ പിച്ചിച്ചീന്തിയ അതേയാളെ വിവാഹം ചെയ്യാൻ അവൾക്ക് സമ്മതിക്കേണ്ടി വന്നത്. ഒരുപക്ഷേ മുങ്ങിത്താഴാതിരിക്കാനുള്ള അവളുടെ അവസാനത്തെ ശ്രമമായിരിക്കാം അത്. പക്ഷേ, അവളുടെ കണ്ണുകളിൽ നിന്നും ഒഴുകുന്നത് കണ്ണുനീരല്ല, ചുടുരക്തമാണ്.

അവളുടെ മൗനം പോലും പലതും പറയുന്നുണ്ട് നമ്മോട്. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ഇരകളാകുന്ന മൃഗതുല്യരായ മനുഷ്യരിൽ നിന്നും മോചനം നേടാൻ നമ്മുടെ സമൂഹം ഒരിക്കലും അവരെ അനുവദിക്കുന്നില്ല. ഈ വാർത്ത പുറത്തു വന്നതിനു ശേഷം നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം റോബിന്റെ മഹാമനസ്‌കതയെ നിർലജ്ജം വാഴ്ത്തുന്ന കാഴ്ച്ച മനഃസാക്ഷിയുള്ളവരെയൊക്ക വല്ലാതെ വേദനിപ്പിക്കുന്നതാണ്. വിദേശരാജ്യങ്ങളിൽ പലതിലും കൊലപാതകത്തെക്കാൾ വലിയ കുറ്റകൃത്യമായി പരിഗണിക്കുന്ന കുറ്റമാണ് കുഞ്ഞുങ്ങളോടുള്ള ലൈംഗിക അതിക്രമങ്ങൾ. പക്ഷേ നമ്മുടെ നാട്ടിൽ ഒരു പെൺകുരുന്നിനെ ക്രൂരമായി പീഡിപ്പിച്ചിട്ട് അവളെത്തന്നെ വിവാഹം കഴിച്ചാൽ ശിക്ഷയിൽ നിന്ന് രക്ഷപെടാൻ സാധിക്കുന്ന ഒരവസ്ഥ നിലനിൽക്കുന്നു എന്നത് പെൺകുഞ്ഞുങ്ങളുള്ള ഓരോ മാതാപിതാക്കളുടെയും മനസ്സിൽ തീയായിട്ടായിരിക്കും പതിക്കുക.
ഇപ്പോഴും ഇത്തരം കുറ്റവാളികളെ പ്രത്യക്ഷമായും പരോക്ഷമായും സംരക്ഷിക്കുന്നവരോട് ഒരു വാക്ക് – നിങ്ങൾക്കുമുണ്ടല്ലോ പെൺമക്കൾ, നാളെ നിങ്ങളുടെ പൊന്നോമനയാകാം ഈ സ്ഥാനത്ത്!