വീട് പണി പൂര്‍ത്തിയായി, സ്വപ്‌നം സാക്ഷാത്കരിച്ച് കാണാന്‍ അഖില ഇല്ല

നെടുമങ്ങാട്: വീട് പണിയാനായി നെട്ടോട്ടം ഓടുന്നതിനിടെ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച അഖില നാടിന് തന്നെ നൊമ്പരമായിരുന്നു. ഇപ്പോള്‍ അഖിലയുടെ മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി ഋഷികേശിന് ആശ്വാസമായിരിക്കുകയാണ് നഗരസഭ. തലചായിക്കാന്‍ അടച്ചുറപ്പുള്ള വീട് എന്ന അഖിലയുടെ സ്വപ്‌നം നിറവേറ്റി കൊടുത്തിരിക്കുകയാണ് നഗരസഭ. ഇന്ന് വൈകുന്നേരം നാലരയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ താക്കോല്‍ ശ്രീഹരിക്ക് കൈമാറും.

നെട്ട മണക്കോടുള്ള നാലര സെന്റില്‍ അനുവദിച്ച ലൈഫ് ഭവന പദ്ധതിയില്‍ വീടിന്റെ മേല്‍ക്കൂര വാര്‍ക്കാനുള്ള തയ്യാറെടുപ്പിനിടെ ജനുവരി 27ന് ആയിരുന്നു അഖില അപകടത്തില്‍ പെടുന്നതും മരണത്തിന് കീഴടങ്ങുന്നതും. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ ജെ ബിനു,നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ സെക്രട്ടറി സ്റ്റാലിന്‍ നാരായണന്‍ എന്നിവരുടെ പരിശ്രമ ഫലമായിട്ടാണ് അഖിലയുടെ മരണ ശേഷമെങ്കിലും അഖിലയുടെ സ്വപ്‌നം സഫലമായത്.

ലൈഫ് ഭവന പദ്ധതിയില്‍ നിന്നും നാല് ലക്ഷം രൂപയാണ് വീടിനായി അനുവദിച്ചത്. എന്നാല്‍ തുക തികയാതെ വന്നതോടെ പുറത്തുള്ളവരെ കൂടി സഹകരിപ്പിച്ച് പണി പൂര്‍ത്തിയാക്കി. നഗരസഭ ജീവനക്കാര്‍ പെയ്ന്റിംഗ് ജോലികള്‍ ചെയ്തു. നഗരസഭ ഡ്രൈവറായ ഷാജിയാണ് ടൈലിന്റെ പണി നിര്‍വഹിച്ചത്. ഓരോ വീട്ടില്‍ നിന്നും രണ്ട് രൂപ വീതം ശേഖരിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ കിണര്‍ നിര്‍മ്മിച്ച് നല്‍കി. കുടുംബശ്രീയുടെ കണ്‍സ്ട്രക്ഷന്‍ യൂണിറ്റിലെ തൊഴിലാളികള്‍ മറ്റ് പണികള്‍ ചെയ്തു.കെഎസ്ഇബി സൗജന്യമായി പോസ്റ്റിട്ട് വൈദ്യുതി നല്‍കി. . ഉഴമലയ്ക്കല്‍ എസ്എന്‍എച്ച്എസ്എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീഹരി ഋഷികേശ് ഇപ്പോള്‍ മുത്തച്ഛന്‍ കൃഷ്ണന്‍കുട്ടി, അമ്മൂമ്മ ലളിത എന്നിവരോടൊപ്പം അഖിലയുടെ സഹോദരന്റെ വീട്ടിലാണ് കഴിയുന്നത്.