പീഡന പരാതിയില്‍ ഒളിവില്‍ പോയ ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി

പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ ആയിരുന്ന ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി. എറണാകുളെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് ശ്രീകാന്ത് കീഴടങ്ങിയത്. നേരത്തെ ഹൈക്കോടതി ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

തന്റെ അഭിഭാഷകന് ഒപ്പമായിരുന്നു ശ്രീകാന്ത് വെട്ടിയാര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.

ശ്രീകാന്ത് വെട്ടിയാര്‍ കൊച്ചിയിലെ ഫ്‌ലാറ്റിലും ഹോട്ടല്‍ മുറിയിലും വെച്ച് യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. മാത്രമല്ല സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും മാനസികമായും വൈകാരികമായും ഉപദ്രവിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ശ്രീകാന്ത് വെട്ടിയാര്‍ക്ക് എതിരെ കേസ് എടുക്കുകയായിരുന്നു.

അതേസമയം യുവതി തന്റെ സുഹൃത്ത് ആണെന്ന് ആയിരുന്നു ശ്രീകാന്തിന്റെ വാദം. ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതില്‍ വാദിച്ചിരുന്നു.