നെഞ്ചുപൊട്ടിക്കരഞ്ഞ് ശ്രീക്കുട്ടിയെ യാത്രയാക്കി

കൊട്ടാരക്കര കുളക്കടയിലുണ്ടായ അപകടത്തിൽ അച്ഛനും അമ്മയും മരണപ്പെട്ടതിനു പിന്നാലെ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി ശ്രേയ എന്ന ശ്രീക്കുട്ടിയും ബുധനാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. അപകടത്തിൽ തലയ്ക്കുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്.
വൈകിട്ട് മൂന്നുമണിടെയാണ് താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശ്രീക്കുട്ടിയുടെ മൃതശരീരം വീട്ടിലേക്കു കൊണ്ടുവന്നത്. വൻജനാവലിയാണ് കുഞ്ഞിനെ ഒരുനോക്കു കാണാനെത്തിയത്.

ശ്രീക്കുട്ടിയുടെ കളിചിരികൾ എണ്ണിയെണ്ണിപ്പറഞ്ഞ് അയൽവാസികളും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. അങ്കണവാടിയിലെ കൊച്ചുകൂട്ടുകാരെല്ലാം എത്തിയപ്പോഴും ശ്രീക്കുട്ടി ഉറങ്ങിക്കിടന്നു. അമ്മയും അച്ഛനും അന്തിയുറങ്ങുന്നതിനടുത്തുതന്നെ ശ്രീക്കുട്ടിയെയും അടക്കം ചെയ്തു. അന്ത്യയാത്രയിൽ അവളുടെ ഇരുവശങ്ങളിലും കളിപ്പാവകളും കളിപ്പാട്ടങ്ങളും നിരത്തി. നെഞ്ചുപൊട്ടിക്കരഞ്ഞ് നാട് അവളെ യാത്രയാക്കി

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിൽ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് ബിനീഷും കുടുംബവും കൊട്ടാരക്കരയിലെ വീട്ടിലേക്ക് പുറപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിലേക്ക് എതിർ ദിശയിൽ നിന്നുവന്ന ഇന്നോവ കാർ ഇടിച്ചുകയറുകയായിരുന്നു.

എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിൽ നിന്ന് വരുന്ന വഴിയാണ് അപകടം. ബിനീഷും കുടുംബവും സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിലേക്ക് എതിർ ദിശയിൽ നിന്നുവന്ന ഇന്നോവ കാർ ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട ആൾട്ടോ കാർ കരയോഗം മന്ദിരത്തിന്റെ മതിൽ ഇടിച്ചുതകർത്താണ് നിന്നത്. കാർ പൂർണമായും തകർന്നു. ഓടിക്കൂടിയവർ കാറിൽ നിന്ന് ഏറെ പണിപ്പെട്ടാണ് അഞ്ജുവിനെയും ശ്രേയയെയും പുറത്തെടുത്തത്.

അതുവഴിവന്ന പിക്കപ്പ് വാനിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ജു മരിച്ചു. കൊട്ടാരക്കര, അടൂർ ഫയർഫോഴ്സും പൊലീസുമെത്തി അര മണിക്കൂർ പരിശ്രമിച്ചാണ് ഡ്രൈവിംഗ് സീറ്റിൽ നിന്ന് ബിനീഷിനെ പുറത്തെടുത്തത്. ഉടൻ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ മൊബൈൽ എഞ്ചിനിയറായിരുന്നു ബിനീഷ്.