പപ്പയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു, ജഗതിക്ക് മകള്‍ ശ്രീലക്ഷ്മിയുടെ ആശംസ

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് എഴുപതാം ജന്മദിനമായിരുന്നു ഇന്നലെ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമയിലെ മുഴുവന്‍ താരങ്ങളും തന്നെ ജഗതിക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തി. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ പിറന്നാള്‍ ആശംസകള്‍ ആണ് ഏറെ ശ്രദ്ധേയമായത്. കുട്ടി ആയിരിക്കുമ്പോള്‍ പിതാവായ ജഗതിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരപുത്രി ആശംസകള്‍ നേര്‍ന്നത്.

പപ്പക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഒപ്പം എനിക്ക് പപ്പയെ ഒരുപാട് ഇഷ്ടമാണ്. മിസ് ചെയ്യുന്നുണ്ടെന്നുമാണ് ശ്രീലക്ഷ്മി ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്. കൈ കുഞ്ഞ് ആയിരുന്ന സമയത്ത് ശ്രീലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന ജഗതിയുടെ ചിത്രമായിരുന്നു മകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ശ്രീലക്ഷ്മി പങ്കുവെച്ച ഫോട്ടോ വൈറലായി മാറുകയും ചെയ്തു.

നേരത്തെ വിവാഹസമയത്ത് ശ്രീലക്ഷ്മി നല്‍കിയ അഭിമുഖത്തിലെ വാക്കുകളും വലിയ ചര്‍ച്ചയായിരുന്നു. തന്റെ വിവാഹത്തിന് മുന്‍പ് പപ്പയുടെ അനുഗ്രഹം വാങ്ങണം. പപ്പയുടെ ആഗ്രഹം പോലെ മോള് നല്ലൊരു വീട്ടിലേക്ക് പടി കയറി ചെല്ലുവെന്ന് ആ ചെവിയില്‍ പറയയണം. എന്റെ പപ്പയും അമ്മയും തന്ന സ്‌നേഹവും അനുഗ്രഹവും മാത്രമാണ് എന്നെ ഇവിടെ വരെ എത്തിച്ചതെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ ജഗതി വിവാഹത്തില്‍ പങ്കെടുക്കുകയോ ശ്രീലക്ഷ്മിയ്ക്ക് കാണാനോ സാധിച്ചിരുന്നില്ല.

2012ല്‍ തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കുപറ്റിയ ജഗതി പിന്നീട് നീണ്ട നാളുകളായി ചികിത്സയിലായിരുന്നു. എഴുന്നേറ്റ് നില്‍ക്കാനോ സംസാരിക്കാനോ പോലും സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. ഇപ്പോള്‍ പതിയെ ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ് അദ്ദേഹം. ഈ വര്‍ഷം സിനിമ ലോകത്തേക്ക് ജഗതി മടങ്ങി എത്തുമെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ മകന്‍ അറിയിച്ചിരുന്നു.