കല്യാണം വേണ്ട, താൽപര്യം ലിവിം​ഗ് ടു​ഗദറിനോട്, ശ്രേയയെക്കുറിച്ച് അമ്മ

റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ഗായികയാണ് ശ്രേയ ജയദീപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ ‘എന്നോ ഞാനെൻറെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് ശ്രേയ ജയദീപ് ശ്രദ്ധേയായി മാറിയത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ഒപ്പം എന്ന ചിത്രത്തിലെ മിന്നും മിന്നാമിനുങ്ങേ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശ്രേയയുടെയും കുടുംബത്തിന്റെയും അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. പ്ലസ് ടു പൂർത്തിയാക്കിയ ശ്രേയ ഉപരി പഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. മ്യൂസിക്കുമായി ബന്ധപ്പെട്ടുള്ള കോഴ്സാണ് കണ്ടെത്തി വെച്ചിരിക്കുന്നതെന്നും പതിനെട്ട് വയസാകുമ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങുമെന്നും ശ്രേയ പറയുന്നു.

ശ്രേയയുടെ ആ​ഗ്രഹങ്ങളേയും സ്വപ്നങ്ങളേയും കുറിച്ചാണ് അമ്മ സംസാരിച്ചത്. പല ആ​ഗ്രഹങ്ങളും കാഴ്ചപ്പാടുകളും കേട്ട് അമ്പരപ്പ് തോന്നിയെന്നാണ് ശ്രേയയുടെ അമ്മ പറയുന്നത്. അവൾക്ക് വീട്ടിൽ നിൽക്കനൊന്നും താൽപര്യമില്ലെന്നും ഒറ്റയ്ക്ക് യാത്രകൾ ചെയ്യാനാണ് ഇഷ്ടമെന്നും അതേ കുറിച്ച് പറഞ്ഞപ്പോൾ തന്റെ ഭയത്തെ ‌കുറിച്ച് പറഞ്ഞെന്നും പക്ഷെ ഒപ്പം ആരും വരേണ്ടതില്ലെന്ന നിലപാടിലാണ് ശ്രേയയെന്നും അമ്മ പറയുന്നു. വിവാഹവുമായി ബന്ധപ്പെട്ട ശ്രേയയുടെ കാഴ്ചപ്പാടുകളെ കുറിച്ചും അമ്മ സംസാരിച്ചു.

കല്യാണം താൽപര്യമില്ലെന്നും ലിവിങ് ടുഗെതർ മതിയെന്നാണ് പറയാറുള്ളതെന്നും അമ്മ പറയുന്നു. ‘ശ്രേയയ്ക്ക് കല്യാണം കഴിക്കാനൊന്നും താൽപര്യമില്ലത്രേ. ലിവിങ് ടുഗെതർ മതിയെന്നാണ് പറഞ്ഞത്. അതാവുമ്പോൾ നമുക്ക് മടുക്കുമ്പോൾ അടുത്തതിലേക്ക് പോകാമല്ലോ എന്നാണ് ചോദിച്ചപ്പോൾ ശ്രേയ പറഞ്ഞ മറുപടി. ഞാൻ കരുതിയത് ഇവൾ എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്നാണ്.’ ‘പക്ഷെ മറ്റുള്ളവരോട് പറയുമ്പോഴാണ്…. ഇപ്പോഴത്തെ കുട്ടികൾ ചിന്തിയ്ക്കുന്ന രീതിയെ കുറിച്ച് മനസിലാവുന്നത്.

ശ്രേയയെ സംബന്ധിച്ച് അവൾക്ക് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനും യാത്ര പോകാനുമൊക്കെയാണ് താൽപര്യം. ശ്രേയയുടെ ബെസ്റ്റ് ഫ്രണ്ട് അനിയനാണ്. അവർ രണ്ട് പേരും പരസ്പരം പങ്കുവെയ്ക്കാത്ത രഹസ്യങ്ങൾ ഇല്ല. അനിയന്റെ വായിനോട്ടം പോലും ശ്രേയയ്ക്ക് അറിയാമെന്ന് തോന്നുന്നു.’

അവർ രണ്ട് പേരും വഴക്കിടും. പക്ഷെ അതൊരു അര മണിക്കൂർ പോലും നീളില്ല. അത് പോലെ ഒന്നിച്ച് വീണ്ടും ചേരും. പരസ്പരം അവർ സംസാരിക്കുമ്പോൾ അമ്മയായ ഞാൻ പുറത്തായത് പോലെ തോന്നാറുണ്ടെന്നും’, ശ്രേയയുടെ അമ്മ പറയുന്നു. പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്ന ശ്രേയ താൻ ഇനി പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സിനെ കുറിച്ചും വാചാലയായി. ‘പ്ലസ് ടു കഴിഞ്ഞതേയുള്ളൂ. പരീക്ഷയ്ക്ക് മുമ്പുള്ള മൂന്ന് മാസം കൃത്യമായി പഠിച്ചാണ് പരീക്ഷ എഴുതിയത്.

ഇനി മ്യൂസിക് പ്രൊഡ്യൂസിങിനെ കുറിച്ച് പഠിക്കാനാണ് ഇഷ്ടം. അതിന് വിദേശത്ത് പോകാൻ നിൽക്കുകയാണ്. അപേക്ഷിക്കണമെങ്കിൽ പതിനെട്ട് വയസാകണം. അതിന് വേണ്ടി കാത്തിരിക്കുകയാണ്’, ശ്രേയ പറയുന്നു. വിദേശത്ത് പോകുന്നതൊക്കെ കൊള്ളാം തിരിച്ച് ഇങ്ങ് വരണം എന്നായിരുന്നു ശ്രേയയുടെ മറുപടി കേട്ട് അമ്മയുടെ കമന്റ്. ശ്രേയ പാട്ട് പാടി സമ്പാദിച്ച് സ്വന്തമായി വാങ്ങിയ ഫ്ലാറ്റിൽ വെച്ചാണ് അഭിമുഖം നടന്നത്.