ഡാന്‍സിന് ചെറിയ തുകയാണ് തന്നത്, മോന്‍സണ്‍ കള്ളനാണെന്ന് അറിഞ്ഞതോടെ ഞെട്ടിപ്പോയെന്നും ശ്രുതി

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്‍റ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടു നിന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ മോൻസനുമായി സാമ്പത്തിക ഇടപാടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.

മോൻസന്റെ വീട്ടിൽ നടന്ന പിറന്നാൾ നൃത്ത പരിപാടിയിൽ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് ശ്രുതി മോൻസൻ്റെ അടുത്ത് ചികിത്സ നടത്തിയെന്ന വിവരവും പുറത്ത് വന്നിരുന്നു. മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മോന്‍സണിന്റെ അറസ്റ്റിന് പിന്നാലെ ശ്രുതി ലക്ഷ്മി പ്രതികരിച്ചത് ഇങ്ങനെ: ”ചില പരിപാടികള്‍ അദ്ദേഹത്തിന് വേണ്ടി ചെയ്തിട്ടുണ്ട് എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമൊന്നുമില്ല. നന്നായി പെരുമാറുന്ന ആളാണ് മോന്‍സന്‍. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്നാമ്പുറങ്ങള്‍ ചികയാന്‍ പോയിട്ടില്ല. അദ്ദേഹത്തെക്കുറിച്ച വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടലാണ് തോന്നിയത്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് എങ്ങനെയാണിതിനൊക്കെ കഴിയുന്നത് എന്ന് മനസ്സിലാവുന്നില്ല.

ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് മോന്‍സന്റെ അടുക്കല്‍ താന്‍ പോയത്. മുടികൊഴിച്ചില്‍ ചികിത്സിച്ച് ഭേദമാക്കിയത് അദ്ദേഹമാണ്. എന്നാല്‍ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുകളഞ്ഞു.” ”കുടുംബമായിട്ടാണ് പരിപാടികള്‍ക്ക് പോയത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു”.- ശ്രുതി പറഞ്ഞു.

ഇതിനിടെ കേസിൽ ക്രൈംബ്രാ‌ഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. ഇഡി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസ് രേഖകൾ കൈമാറുന്നില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. എന്നാൽ ഇഡിയുടെ പരാതി ശരിയല്ലെന്ന് സർക്കാർ വ്യക്തമാക്കി. രേഖകൾ എത്രയും കൈമാറണമെന്ന് നിർദ്ദേശിച്ച കോടതി, കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്ന് മാത്രമാണ് കോടതിയുടെ താൽപ്പര്യമുള്ളതെന്ന് പറഞ്ഞു. പോക്സോ കേസുകളടക്കം നിലവിൽ മോൻസനെതിരെയുണ്ട്.