SSLC പരീക്ഷാഫലമറിയാൻ കൂട്ടുകാർക്കൊപ്പം സാരംഗ് ഉണ്ടാകില്ല, അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു, അവയവങ്ങൾ ദാനംചെയ്തു

കല്ലമ്പലം : ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ആലംകോട് വഞ്ചിയൂർ നികുഞ്ജം വീട്ടിൽ പി.ബിനേഷ്‌കുമാർ, ജി.ടി.രജനി ദമ്പതിമാരുടെ മകൻ സാരംഗ് (15) ആണ് മരിച്ചത്. ഇന്ന് SSLC പരീക്ഷാഫലമറിയാനിരിക്കെയാണ് സാരംഗ് യാത്രയായത്. ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി. വിദ്യാർത്ഥിയായിരുന്നു. ആശുപത്രിയിൽപ്പോയി മടങ്ങുമ്പോൾ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. 13-ന് വൈകീട്ട് 3.30 ഓടെയാണ് അപകടം ഉണ്ടായത്.

റോഡിൽവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സിയിലായിരുന്നു. ബുധനാഴ്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് സാരംഗിന്റെ അവയവങ്ങൾ ദാനംചെയ്യാൻ രക്ഷിതാക്കൾ സമ്മതമറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

രണ്ടാഴ്ച മുൻപ്‌ നിലയ്ക്കാമുക്കിൽ കൂട്ടുകാർ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്ത സാരംഗ് കളിക്കിടെ വീണ് കാലിനു പൊട്ടലുണ്ടായി. ആശുപത്രിയിൽ കൊണ്ടുപോയി പ്ലാസ്റ്ററിട്ടു. 13-ന് രാവിലെ അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പോയി പരിശോധന നടത്തി. തുടർന്ന് കല്ലമ്പലത്തിനു സമീപം പാവല്ലയിലുള്ള അമ്മയുടെ കുടുംബവീട്ടിലെത്തി. അവിടെനിന്നു വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി അണിയണമെന്ന് അവന് വലിയ ആഗ്രഹമുണ്ടായിരുന്നു. മാതാപിതാക്കൾ അറിയിച്ചതിനെത്തുടർന്ന് സംഘാടകർ അവനണിയാനുള്ള ജഴ്‌സി ആശുപത്രിയിലെത്തിച്ചു. അത് അണിഞ്ഞാകും സാരംഗിന്റെ അവസാനയാത്ര.