കിഫ്ബി വായ്പ; തിരിച്ചടച്ച തുക സംസ്ഥാനത്തിന്റെ വായ്പാ കണക്കിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം

തിരുവനന്തപുരം. കിഫ്ബി എടുത്ത വായ്പയിൽ നിന്ന് തിരിച്ചടച്ച തുക സംസ്ഥാനത്തിൻറെ വായ്പാ കണക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്രം ഇത് അനുവദിച്ചാൽ സംസ്ഥാനത്തിന് ഈ സാമ്പത്തിക വർഷം 2000 കോടി രൂപ കൂടി കടമെടുക്കാൻ കഴിയും.

സാമ്പത്തിക വർഷത്തെ അവസാന മാസമായ മാർച്ചിൽ ശമ്പളത്തിനും പെൻഷനുമൊക്കെയായി 22,000 കോടി രൂപയോളം കണ്ടെത്തണം. ട്രഷറി നിയന്ത്രണം കടുപ്പിച്ചും വകുപ്പുകൾ ബാങ്ക് അക്കൗണ്ടുകളിൽ പാർക്ക് ചെയ്ത ഫണ്ട് ട്രഷറിയിലേക്ക് തിരിച്ചടയ്ക്കാൻ നിർദേശിച്ചും പദ്ധതി ചെലവ് നിയന്ത്രിച്ചും ചെലവു ചുരുക്കിയും പരമാവധി ധനസമാഹരണത്തിന് ശ്രമം നടക്കുന്നുണ്ട്. ഇതൊന്നും മതിയാവില്ലെന്ന് വ്യക്തമായതോടെയാണ് 2000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

കിഫ്ബിയും ക്ഷേമപെൻഷൻ വിതരണം സുഗമമായി നടക്കാൻ രൂപീകരിച്ച പെൻഷൻ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിൻറെ വായ്പയുടെ കണക്കിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെയാണ് പ്രതിസന്ധി കടുത്തത്. ഇതോടെ സംസ്ഥാനത്തിന് വായ്പയെടുക്കാവുന്ന തുക വെട്ടിക്കുറയ്ക്കുകയായിരുന്നു. കിഫ്ബി നടത്തിയ വായ്പാ തിരിച്ചടവിന് തുല്യമായ തുക ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണം എന്നാണ് സംസ്ഥാനത്തിൻറെ ആവശ്യം.