സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 10.67 ശതമാനം വര്‍ധിച്ചു- സാമ്പത്തിക സര്‍വേ

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 2021-22 വര്‍ഷത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.67 ശതമാനം വര്‍ധിച്ചതായി സാമ്പത്തിക സര്‍വേ. അതേസമയം സാമ്പത്തിക മേഖല ശക്തമായി തിരിച്ചുവരുന്നതായിട്ടാണ് സര്‍വേയില്‍ അവകാശപ്പെടുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സര്‍വേ നിയമസഭയില്‍ അവതരിപ്പിച്ചു.

സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തില്‍ 202122 വര്‍ഷത്തില്‍, മുന്‍വര്‍ഷത്തേക്കാള്‍ 12.01 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തിന്റെ പൊതു കടബാധ്യതയില്‍ 95.93 ശതമാനവും ആഭ്യന്തര കടമാണ്. പൊതുകടവും റവന്യു വരുമാനവും തമ്മിലുള്ള അനുപാതം കുറഞ്ഞു. 202122 അവസാനത്തില്‍ സംസ്ഥാനത്തിനു കുടിശികയുള്ള പൊതുകടം 2,19,974,54 കോടി രൂപയായിരുന്നു.

പൊതുകടത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 202021ലെ 14.34 ശതമാനത്തില്‍നിന്ന് 202122ല്‍ 10.16 ശതമാനം ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കണക്കെടുത്താല്‍ കൃഷിയും അനുബന്ധ പ്രവൃത്തികളും വ്യവസായവും വളര്‍ച്ച രേഖപ്പെടുത്തി. വ്യവസായ വളര്‍ച്ച 17.3 ശതമാനമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ മേഖലകളില്‍ വളര്‍ച്ച നെഗറ്റീവായിരുന്നു.

20,000 കോടിയുടെ സാമ്പത്തിക പാക്കേജുകളും വ്യവസായത്തിനായുള്ള 5650 കോടിയുടെ പാക്കേജും വളര്‍ച്ചയ്ക്കു സഹായിച്ചതായി റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. പ്രതിശീര്‍ഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പന്നത്തിലും വര്‍ധനയുണ്ടായി. 202122ല്‍ ഇത് 1,62,992 രൂപയാണ്. ദേശീയ തലത്തില്‍ ഒരാളുടെ ശരാശരി വരുമാനത്തെക്കാള്‍ കൂടുതലാണ് കേരളത്തിലെ ഒരാളുടെ ശരാശരി വരുമാനമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.