പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന സംഘത്തിന് നേരെ ആക്രമണം, പെൺകുട്ടികളെ ശല്യം ചെയ്‌തു, ചോദിക്കാൻ ചെന്ന ആൺകുട്ടികൾക്കും മർദനം

പാലക്കാട് : പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. മലപ്പുറം കുറ്റിപ്പുറം കെഎംസിടി കോളജിലെ വിദ്യാർത്ഥികൾക്കാണ് ആക്രമണം നേരിട്ടത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്.

പ്രദേശവാസികളായ സാമൂഹ്യവിരുദ്ധര്‍ ശല്യം ചെയ്തിരുന്നു. ഇത് സഹപാഠികള്‍ ചോദ്യം ചെയ്തതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിക്കുകയായിരുന്നു. ബസ് തകര്‍ക്കാനും സാമൂഹ്യവിരുദ്ധരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ചാലിശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി.

പറമ്പിക്കുളത്തേക്കാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം യാത്ര പോയിരുന്നത്. ആറങ്ങോട്ടുകരയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് രണ്ട് പെണ്‍കുട്ടികളെ സാമൂഹ്യവിരുദ്ധര്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചത്. ഇത് ചോദ്യം ചെയ്യാന്‍ ബസില്‍ നിന്ന് കുറച്ച് ആണ്‍കുട്ടികള്‍ ഇറങ്ങി. ഇതോടെ അക്രമികൾ ഇവടെ മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തു വന്നിട്ടുണ്ട്.