കാഴ്ചപരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവം, സസ്‌പെൻഷനിൽ ഒതുങ്ങില്ല, നിയമനടപടിക്കൊരുങ്ങി കോളേജ്

എറണാകുളം: കൊച്ചിയിൽ കാഴ്ചപരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി കോളേജ് മാനേജ്‌മെന്റ്. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് മഹാരാജാസ് കോളേജ് കൗൺസിൽ യോഗത്തിന്റെ തീരുമാനം. സംഭവത്തിൽ കോളേജ് ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിഷയത്തിൽ പഠനം നടത്തി ഒരാഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

മൂന്നാംവർഷ ബി.എ പോളിറ്റിക്കൽ സയൻസ് ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകനെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നത്. മഹാരാജാസ് കോളേജിൽ തന്നെ പഠിച്ച് അദ്ധ്യാപകനായ ഡോ. പ്രിയേഷിനാണ് വിദ്യാർത്ഥികളിൽ നിന്നും അപമാനം നേരിട്ടത്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തതെയോടെ കെഎസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യുകയുണ്ടായി.

എന്നാൽ ‘ക്ലാസിൽ കയറാനായി ഓടി വന്നപ്പോൾ ഇന്നത്തെ മൊഡ്യൂളും കഴിഞ്ഞു ക്ലാസും കഴിഞ്ഞു എന്ന് സാർ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ച സമയത്ത് ഞാനും ചിരിച്ചു. ഈ വീഡിയോ തമാശയ്‌ക്ക് മാത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്’എന്നാണ് ഫാസിലിന്റെ വാദം. എന്നാൽ കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തിൽ വേദനയുണ്ടെന്ന് അധ്യാപകൻ പ്രതികരിച്ചിരുന്നു.

കാഴ്ച ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ധ്യാപകൻ പ്രിയേഷ് പറഞ്ഞിരുന്നു. മണിക്കൂറുകൾ ചെലവഴിച്ചാണ് കുട്ടികൾക്കായി നോട്ടുകളും മറ്റും തയ്യാറാക്കുന്നത്. ഇത്രയും ബുദ്ധിമുട്ടി ക്ലാസെടുക്കുമ്പോൾ ഇത്തരമൊരു പെരുമാറ്റം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് അതിയായ വേദന ഉണ്ടാക്കിയതായി അദ്ധ്യാപകൻ പ്രിയേഷ് പറയുകയുണ്ടായി.