ബന്ധു ചതിച്ചു, ലക്ഷങ്ങള്‍ കടം, ദുബായി ജയിലിലും കിടന്നു, ദുരിതകയത്തില്‍ നിന്നും കരകയറി ഒടുവില്‍ സുബീഷ് നാട്ടിലേക്ക്

ദുബായ്:ചിലപ്പോഴൊക്കെ നമ്മള്‍ അടുത്ത ബന്ധുക്കള്‍ എന്ന് കരുതുന്നവര്‍ തന്നെ ചതിച്ചേക്കാം.കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സുബീഷിന്റെ ജീവിതവും ഇങ്ങനെയായിരുന്നു.ബന്ധുവിന്റെ ചതിയിലൂടെ കടബാധ്യതയായി ലക്ഷങ്ങള്‍.തുടര്‍ന്ന് ആറ് മാസം ജയില്‍വാസം.ഇതിനിടെ സുബീഷിന്റെ അവസ്ഥ അറിഞ്ഞ് മനംനൊന്ത് പിതാവ് ജീവനൊടുക്കി.അമ്മയുടെ മാനസിക നില തകരാറിലുമായി.ഒരാള്‍ക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുതേ എന്നാണ് സുബീഷിന്റെ പ്രാര്‍ത്ഥന.ഇപ്പോള്‍ ജീവിതത്തിലെ ദുരിതകയങ്ങളില്‍ നിന്നും ജന്മനാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ഈ യുവാവ്.നാട്ടില്‍ എത്തി അമ്മയെ കാണണമെന്നും ഇനിയുള്ള കാലം അമ്മയോടൊപ്പം കഴിയണമെന്നുമാണ് സുബീഷിന്റെ ഇപ്പോഴുള്ള ഏക ആഗ്രഹം.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടുത്ത ബന്ധുവിന്റെ സഹായത്തിലാണ് സുബീഷ് ദുബായില്‍ എത്തിയത്.സുബീഷിന്റെ പേരില്‍ ബന്ധു ഒരു കമ്പനി തുടങ്ങി.കമ്പനിയുടെ പേരില്‍ വലിയ തുക കടമെടുത്തു.ഒരു വര്‍ഷം യാതൊരു കാരണവുമില്ലാതെ സുബീഷിനെ വീട്ടു തടങ്കലിലിട്ടു.ഒടുവില്‍ പണവുമായി ബന്ധു നാടുവിട്ടു.ഇതോടെ കടമെടുത്ത തുകയുടെ കേസിലും മറ്റുമായി സുബീഷ് കുടുങ്ങി.ആറ് മാസം ജയിലില്‍ കിടന്നു.ഇതിനിടെ മകന്റെ ദുരിത കഥകള്‍ കേട്ട് മാനസികമായി തളര്‍ന്ന പിതാവ് തൂങ്ങി മരിച്ചു.അമ്മ മാനസിക നില തകരാറിലായി.തന്റേതല്ലാത്ത കാരണത്താല്‍ സുബീഷിന് എല്ലാം നഷ്ടമായ അവസ്ഥ.ജയിലില്‍ കഴിയുമ്പോള്‍ പരിചയപ്പെട്ട ആരുടെയൊക്കെയോ സഹായത്തോടെയാണ് പുറത്തെത്തിയത്.എന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ ആവാത്ത വിധത്തില്‍ പല കേസുകളും ബാക്കിയായി.

ഒരു വലിയ തുക യുഎഇയില്‍ കെട്ടിവെച്ചാല്‍ മാത്രമേ നാട്ടിലേക്ക് മടങ്ങാനാവൂ എന്നറിഞ്ഞതോടെ വീണ്ടും ജീവിതം ഇരുളടഞ്ഞതായി.ഒടുവില്‍ വിവരം അറിഞ്ഞ് എത്തിയ സാമൂഹികപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയും കൂട്ടരും അഷ്‌റഫിനെ കാണാനായി നാട്ടില്‍ നിന്നും ദുബൈയില്‍ എത്തിയ ഫിറോസ് കുന്നംപറമ്പിലും സുബീഷിനെ സഹായിച്ചു.ഒടുവില്‍ ഏഴ് വര്‍ഷത്തെ ദുരിതങ്ങള്‍ക്ക് അവസാനമായി.എല്ലാ ബാധ്യതകളും കേസുകളും തീര്‍ത്ത് സുബീഷിനെ ഒരാഴ്ചക്കുള്ളില്‍ നാട്ടിലേക്ക് അയക്കും.