കോവിഡിനെതിരായ രണ്ടാം വാക്സീന് അനുമതി നൽകി റഷ്യ

മോസ്കോ: കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിനും അനുമതി നൽകി റഷ്യ. പ്രസിഡന്റ് വ്‌ളാഡിമിർ പുടിനാണ് ഇക്കാര്യം അറിയിച്ചത്. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്‌സിൻ വികസിപ്പിച്ചത്. മരുന്ന് കഴിഞ്ഞ മാസം മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഇതിന്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, റഷ്യ അംഗീകരിച്ച ആദ്യ വാക്സീൻ സ്പുട്നിക് 5 പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങിയിട്ടില്ല.

എപിവാക്‌കൊറോണ(EpiVacCorona) എന്ന പേരുള്ള വാക്‌സിൻ സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് വികസിപ്പിച്ചത്. ഇതിന്റെ ആദ്യഘട്ട പരീക്ഷണം 100 പേരിൽ കഴിഞ്ഞമാസം പൂർത്തിയായിരുന്നു. എപിവാക്‌കൊറോണ വാക്‌സിൻ നവംബർ- ഡിസംബർ മാസങ്ങളിലായി വൻതോതിൽ പരീക്ഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സൈബീരിയയിൽ നിന്നുള്ള 5000 പേരുൾപ്പെടെ 30,000 ആളുകളിലാവും വാക്‌സിൻ പരീക്ഷിക്കുക.

ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് വാക്സീന് അനുമതി നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. വാക്സീന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പുടിൻ അഭിനന്ദിച്ചു. രണ്ട് വാക്സീനുകളും നിർമാണം വർധിപ്പിക്കണം. വിദേശരാജ്യങ്ങളുമായി സഹകരിക്കുന്നതു തുടരുമെന്നും വാക്സീൻ അവർക്കും നൽകുമെന്നും പുടിൻ അറിയിച്ചു. കഴിഞ്ഞ മാസമാണു പുതിയ വാക്സീൻ മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. ഓഗസ്റ്റിൽ റഷ്യ ആദ്യ വാക്സീന് അനുമതി നൽകിയിരുന്നു.

സ്പുട്‌നിക് വാക്‌സീന്റെ രണ്ടുംമൂന്നും ഘട്ട മനുഷ്യ പരീക്ഷണത്തിനു വേണ്ടി പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ വിതരണക്കാരായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഇന്ത്യൻ പങ്കാളികളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനോടു കഴിഞ്ഞദിവസം കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആവശ്യപ്പെട്ടിരുന്നു. റഷ്യയിൽ ആഭ്യന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ള വാക്സീനാണ് സ്പുട്നിക്. നിലവിൽ മോസ്കോയിലെ 40000 സന്നദ്ധപ്രവർത്തകരാണ് ഈ വാക്സീൻ പരീക്ഷിക്കുന്നത്. റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ പരീക്ഷിക്കാൻ യുഎഇയും തീരുമാനിച്ചിട്ടുണ്ട്. റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ് ഫണ്ട്, റഷ്യൻ സോവറിൻ വെൽത്ത് ഫണ്ട്, യുഎഇ ഔരുഗൾഫ് ഹെൽത്ത് ഇൻവെസ്റ്റ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരീക്ഷണം.