യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളെ നന്നായി അറിയുകയും നിങ്ങൾക്കായി നിലകൊള്ളുകയും ചെയ്യും- സുചിത്ര

വാനമ്പാടി എന്ന പരമ്പര അവസാനിച്ചെങ്കിലും പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. സീരിയലിൽ ക്രൂരയാ കഥാപാത്രമായിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്.

ബിഗ് ബോസ് ഹൗസിൽ സുചിത്രയുടെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു കുട്ടി അഖിലും സൂരജും. ഹൗസിൽ നിന്ന് പുറത്തെത്തിയ ശേഷവും വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മൂവരും. ഇടയ്ക്കിടെ ഒത്തുകൂടുകയും യാത്രപോവുകയുമൊക്കെ ചെയ്യാറുണ്ട് ഇവർ. അടുത്തിടെ മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഇവരുടെ പുതിയൊരു ചിത്രവും വൈറലാവുകയാണ്.

സുചിത്രയാണ് അഖിലിനും സൂരജിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തേക്കാളേറെ സുചിത്ര അതിന് നൽകിയ ക്യാപ്‌ഷനാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. “ഫേക്കായ സുഹൃത്തുക്കൾ നിങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ വിശ്വസിക്കും എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളെ നന്നായി അറിയുകയും നിങ്ങൾക്കായി നിലകൊള്ളുകയും ചെയ്യും. നമുക്ക് ഒരിക്കലും സുഹൃത്തുക്കളെ നഷ്‌ടപ്പെടുന്നില്ല, യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് നമ്മൾ മനസ്സിലാക്കുകയാണ്” സുചിത്ര കുറിച്ചു.

നിരവധി പേരാണ് സുചിത്രയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ‘നിങ്ങളുടെ ഫ്രണ്ട്‌ഷിപ്, അത് കാണാൻ തന്നെ ഭയങ്കര പോസറ്റീവ് വൈബ് ആണ്. എന്നും എപ്പോഴും നിങ്ങളെ മൂന്ന് പേരേയും ഹാപ്പി ആയി കാണാൻ ഇഷ്ടം. ട്രൂ ഫ്രണ്ട്ഷിപ്പ്, സീസൺ 4 ന്റെ സൗഹൃദത്തിന്റെ മുത്തുകൾ ആണ്’ എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്. ‘നിങ്ങൾ പോളിക്കു, എന്നും ഇതുപോലെ ഹാപ്പി ആയിരിക്കാൻ കഴിയട്ടെ’, ‘ക്യാപ്‌ഷൻ വളരെ ശരിയാണ്, അനുഭവങ്ങളിൽ നിന്നാണ് പഠിക്കുക’ എന്നാണ് മറ്റു ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി. പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്. കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.