എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ട്, വിവാഹത്തെ കുറിച്ച് സുചിത്ര

ബിഗ്‌ബോസ് സീസണ്‍ നാലില്‍ അവസാനമായി പുറത്തായ മത്സരാര്‍ത്ഥി സുചിത്ര നായരാണ്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ ശേഷം അഭിമുഖങ്ങള്‍ക്കോ പൊതുപരിപാടികള്‍ക്കൊ നടി പങ്കെടുത്തിട്ടില്ല. ഇപ്പോള്‍ നടിയുടെ ചില പഴയ അഭിമുഖങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്റെ വിവാഹത്തെക്കുറിച്ചും ഭാവിജീവിതത്തെക്കുറിച്ചും സംസാരിക്കുന്ന സുചിത്രയുടെ അഭിമുഖം വൈറലാവുകയാണ്. തന്റെ വിവാഹസങ്കല്പങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് സുചിത്ര. എന്താ മോളേ വിവാഹം ചെയ്യാത്തത് എന്ന് പലരും ചോദിക്കാറുണ്ട് എന്നും ആ ചോദ്യം ഇപ്പോള്‍ ശീലമായി എന്നുമാണ് നടി പറയുന്നത്.

വിവാഹം കഴിക്കാതെ ഇരിക്കുകയൊന്നുമില്ല. തീര്‍ച്ചയായും കല്യാണം ഉണ്ടാവും. പക്ഷെ എനിക്കൊരു ആഗ്രഹമുണ്ട്. രണ്ട് സിനിമ എങ്കിലും ചെയ്യമെന്ന്. അങ്ങനെ രണ്ടേ രണ്ട് സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കല്യാണം കഴിക്കുന്നതില്‍ എതിര്‍പ്പില്ല. വിവാഹം ചെയ്യാന്‍ പോകുന്ന ആള്‍ എന്നെ മനസ്സിലാക്കുന്ന ആളായിരിക്കണം എന്ന് എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ട്. പിന്നെ പോസിറ്റീവ് ആയിരിക്കണം. കാണുന്ന ഏതൊരാളില്‍ നിന്നും ഒരു നല്ല ചിരി പ്രതീക്ഷിക്കുന്ന ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് മനോഹരമായി ചിരിക്കാന്‍ കഴിയുന്നവരെല്ലാം നല്ലതാണ്. അത് പോലെ ഒരാളായിരിക്കണം എന്നാണ് സുചിത്ര സൂചിപ്പിച്ചത്.

63 ദിവസം ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ശേഷമാണ് സുചിത്ര പുറത്തേക്ക് വന്നത്. അച്ഛനമ്മമാരെയും കുടുംബാംഗങ്ങളെയും കാണാം എന്ന സന്തോഷത്തോടെയായിരുന്നു സുചിത്ര പുറത്തിറങ്ങിയത്. വാനമ്പാടി എന്ന സീരിയലിലൂടെയാണ് സുചിത്ര നായര്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.