കോൺഗ്രസ്സിനെ നയിക്കാൻ മുല്ലപ്പള്ളിയെക്കാൾ സുധാകരനാണ് യോഗ്യൻ; വയലാർ രവി

കേരളത്തിലെ കോൺഗ്രസ്സിനെ നയിക്കാൻ മുല്ലപ്പള്ളി അശക്തനാണെന്ന് മുൻ കേന്ദ്രമന്ത്രി വയലാർ രവി. പരിചയക്കുറവ് മൂലമാണ് കേരളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ നയിക്കാൻ മുല്ലപ്പള്ളിക്കു സാധിക്കാതെ പോകുന്നത് എന്നായിരുന്നു വയലാർ രവി അഭിപ്രായപ്പെട്ടത്. വർഷങ്ങളോളം കണ്ണൂർ രാഷ്ട്രീയത്തിന്റെ മാത്രം ഭാഗമായിരുന്ന മുല്ലപ്പള്ളി പിന്നെ നേരിട്ട് ഡൽഹിയിലേക്കാണ് പോയത്. വർഷങ്ങളോളം ഡൽഹിയിൽ കഴിഞ്ഞ ശേഷം പൊടുന്നനെയാണ് കേരളത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ പരിചയക്കുറവു പാർട്ടിക്ക് വലിയ ക്ഷീണം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങളെല്ലാം തിരുവനന്തപുരത്തും മദ്ധ്യകേരളത്തിലുമായിരുന്നെങ്കിലും നിരന്തരം തീവണ്ടിയിൽ കണ്ണൂരും കോഴിക്കോടുമൊക്കെ യാത്രചെയ്ത് നല്ല സ്ഥലപരിചയവും ആളുകളെ പരിചയമുള്ളവരുമാണ്. മുല്ലപ്പള്ളിക്ക് അതിനുള്ള സന്ദർഭം ഉണ്ടായിട്ടില്ലെന്നും വയലാർ രവി പറഞ്ഞു. തങ്ങളെല്ലാം അഭിപ്രായപ്പെട്ടത് സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനാകണമെന്നായിരുന്നുവെന്നും വയലാർ രവി കൂട്ടിച്ചേർത്തു. എന്നാൽ മുല്ലപ്പള്ളിയായാണ് തെരെഞ്ഞെടുത്തത്. കേരളജനത ഇഷ്ടപ്പെടുന്ന നേതാവ് ഉമ്മൻചാണ്ടിയാണ്. അതിനാൽ കോൺഗ്രസ്സ് ഉമ്മൻ ചാണ്ടിയെ തന്നെ മുൻനിർത്തി ഈ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും വയലാർ രവി പറഞ്ഞു.