ജീവിതത്തിൽ വിജയിച്ച ഒരു വ്യക്തിയായി ഞാൻ എന്നെ വിലയിരുത്തുന്നില്ല, തുറന്നു പറഞ്ഞ് സുഹാസിനി

ജീവിതം എന്ന് പറയുന്നത് പലപ്പോഴും പരീക്ഷണങ്ങളിൽ കൂടി ഉള്ളതാണെന്ന് തുറന്നു പറഞ്ഞ് പ്രിയ താരം സുഹാസിനി. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ, വാക്കുകളിങ്ങനെ, പല പ്രതിസന്ധികളും ചേർന്നതാണ് ജീവിതം. സിനിമാ രംഗമായത് കൊണ്ട് തന്നെ കുറേ ഗോസിപ്പുകൾ കേട്ടിട്ടുണ്ട്. പലതിനും ചെവി കൊടുത്തിട്ടില്ല. ഗോസിപ്പ് എപ്പോഴും ഗോസിപ്പ് മാത്രമാണ്. ഞാൻ എന്താണെന്നോ ആരാണെന്നോ പലർക്കും അറിയില്ല. ഗോസിപ്പിനെ ഗോസിപ്പിന്റെ വഴിക്ക് വിട്ടേക്കൂ. അതല്ലേ നല്ലത്. ജീവിതത്തിൽ ഞാൻ പിന്തുടരുന്ന നയമുണ്ട്. നമ്മുടെ ജോലി നമ്മൾ നന്നായി ചെയ്യുക. ഉറപ്പായും അതിന്റെ ഫലം കിട്ടുക തന്നെ ചെയ്യും. ജീവിതത്തിൽ വിജയിച്ച ഒരു വ്യക്തിയായി ഞാൻ എന്നെ വിലയിരുത്തുന്നില്ല. ഞാൻ എന്റെ ജോലി ചെയ്യുന്നു. അത് പണത്തിന് വേണ്ടിയോ അവാർഡിന് വേണ്ടിയോ ഒന്നുമല്ല. നമ്മിൽ തന്നെയുള്ള ഒരു വിശ്വാസമുണ്ട്. ലക്ഷ്യമുണ്ട്, അതിന് അനുസരിച്ചുള്ള ഒരു യാത്രയിലാണ് ഞാനും.

തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ശ്രദ്ധേയയായ നടിയാണ് സുഹാസിനി. മലയാളികൾക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രീയങ്കരിയാണ് സുഹാസിനി. പ്രശസ്ത സംവിധായകൻ മണി രത്‌നത്തിന്റെ ഭാര്യ കൂടിയായ സുഹാസിനി എൺപതുകളിലും തൊണ്ണൂറുകളിലും നായികാ വേഷത്തിൽ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും നിറഞ്ഞു നിന്നിരുന്നു. തമിഴ്, തെലുങ്കു, കന്നഡ ഭാഷകൾ കൂടാതെ ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള സുഹാസിനി ഇന്ദിര എന്ന് പേരുള്ള ഒരു ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. രാവണൻ, ഇരുവർ, തിരുട തിരുട എന്നീ ചിത്രങ്ങളുടെ സംഭാഷണ രചയിതാവായും ജോലി ചെയ്തിട്ടുള്ള സുഹാസിനി മണി രത്‌നം മികച്ച നടിക്കുള്ള ദേശീയ അവാർഡും രണ്ടു കേരളാ സംസ്ഥാന അവാർഡും രണ്ടു തമിഴ്നാട് സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

1988 ഓഗസ്റ്റ് 26നാണ് സുഹാസിനിയും സംവിധായകൻ മണിരത്‌നവും വിവാഹിതരായത്. രണ്ടുപേരുടെയും സിനിമാ ജീവിതത്തിന്റെ പ്രധാന ഘട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു വിവാഹം. ഇവർക്ക് നന്ദൻ എന്ന മകനുണ്ട്.