സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

ന്യൂഡൽഹി . രാഷ്ട്രീയ നാടകീയ നീക്കങ്ങൾക്കും മുഖ്യമന്ത്രി കസേരക്കായുള്ള കടി പിടിയ്ക്കും ഒടുവിൽ സുഖ്‍വിന്ദർ സിംഗ് സുഖുവിനെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള മുകേഷ് അഗ്നിഹോത്രിയാണ് ഉപ മുഖ്യമന്ത്രി. ഞായറാഴ്ച 11 മണിക്ക് സത്യപ്രതിജ്ഞ നടക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിൻ്റെ സാന്നിധ്യത്തിലാണ് ഭൂപേഷ് ഭാഗേൽ പ്രഖ്യാപനം നടത്തുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതൽ പേര്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തിൽ ഹൈക്കമാൻഡാണ് നേരിട്ട് മുഖ്യമന്ത്രിയെ തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസിന് വിജയം നേടിക്കൊടുത്ത ജനങ്ങൾക്കും ഗാന്ധി കുടുംബത്തിനും പ്രഖ്യാപനത്തിന് പിന്നാലെ സുഖ്‍വിന്ദർ നന്ദിയറിയിച്ചു. സംസ്ഥാനത്തിൻ്റെ വികസനത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്നും സുഖ്‍വിന്ദർ പ്രഖ്യാപനം നടത്തി.

മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചത് സുഖ് വിന്ദറിനായിരുന്നു. രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിൻ്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്.

അതേ സമയം, പ്രതിഭാ സിംഗിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവ‍ര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് ഓഫീസിന് മുന്നിൽ തടിച്ചുകൂടുക യുണ്ടായി. ഇവരെ ഏത് രീതിയിലാകും അനുനയിപ്പിക്കുകയെന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല. സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്ന് നാലാം തവണ വിജയിച്ചാണ് സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയായി രിക്കുന്നത്. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുഖു വിജയിച്ചത്.