‘ദൃശ്യം 2 വിലേക്ക് ജീത്തു ജോസഫ് വിളിച്ചപ്പോള്‍ മടക്കിക്കുത്തിയിരുന്ന മുണ്ട് അറിയാതെ അഴിച്ചിട്ടു’; സുമേഷ് ചന്ദ്രന്‍

ദൃശ്യം 2വില്‍ ജോര്‍ജ്ജുക്കുട്ടിയുടെ അയല്‍ക്കാരനായി എത്തി മികച്ച അഭിനയം കാഴ്ച വെച്ച താരമാണ് സുമേഷ് ചന്ദ്രന്‍. സാബുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ടിവി പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുമേഷ് ചന്ദ്രനാണ്. സ്റ്റേജ് പ്രോഗ്രാമുകളില്‍ സ്ഥിരം കുടിയന്‍ വേഷം ചെയ്തിരുന്നത് കൊണ്ട് കുടിയന്‍ സുമേഷ് എന്നായിരുന്നു നേരത്തെ ആളുകള്‍ വിളിച്ചുകൊണ്ടിരുന്നതെന്നും ഇനി ദൃശ്യം സുമേഷ് എന്ന് വിളിക്കണേയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും നടന്‍ പറഞ്ഞു.

ഭാസ്‌കര്‍ ദ റാസ്‌കല്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത് ദൃശ്യം 2വിലാണെന്നും സുമേഷ് ചന്ദ്രന്‍ പറയുന്നു. ‘ശരിക്കും ഈ കഥാപാത്രം വേറെ താരങ്ങള്‍ക്ക് കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ ജീത്തു സര്‍ വിളിക്കുകയും ഞങ്ങളെ പോലുളള മിമിക്രി കലാകാരന്‍മാരെ സെലക്ട് ചെയ്ത് ഇങ്ങനെയൊരു സിനിമയില്‍ അവസരം തന്നു. സാറിനെ എന്താ പറയാ വേറെ ലെവല്‍ തന്നെയാണ് സാറ്. സിനിമ കണ്ട ശേഷം ഒത്തിരിപേര്‍ വിളിച്ചുവെന്നും മെസേജ് അയച്ചുവെന്നും സുമേഷ് പറഞ്ഞു.

ലോക്ഡൗണ്‍ സമയത്ത് എന്റെ കോമഡി പ്രോഗ്രാമുകള്‍ ജീത്തു സര്‍ യൂടൂബിലൂടെ കണ്ടിരുന്നു. പിന്നാലെ ചാനലില്‍ വിളിച്ച് എന്റെ നമ്പര്‍ വാങ്ങി അദ്ദേഹം എന്നെ വിളിച്ചു. ദൃശ്യം 2 വിലേക്ക് ജീത്തു ജോസഫ് വിളിച്ചപ്പോള്‍ മടക്കിക്കുത്തിയിരുന്ന മുണ്ട് അറിയാതെ അഴിച്ചിട്ടു. ഒരു ഫോട്ടോ അയച്ചുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ എന്തിനുവേണ്ടിയാണെന്ന് പോലും ചോദിച്ചില്ല. പിന്നെ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. കുറെ നേരം അദ്ദേഹവുമായി സംസാരിച്ചു.

എന്റെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞു. ഒരു കുടിയനില്‍ നിന്നും പോലീസ് ക്യാരക്ടറിലേക്കുളള മാറ്റത്തെ കുറിച്ചൊക്കെ പറഞ്ഞു. മോഹന്‍ലാലിനൊപ്പമുളള ലൊക്കേഷന്‍ അനുഭവവും സുമേഷ് പങ്കുവെച്ചു. സുമേഷിന് പേടിയുണ്ടോ എന്ന് ലാലേട്ടന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി പേടിയില്ല, ഞാന്‍ അറിയാതെ ലാലേട്ടനെ കാണുമ്പോള്‍ എന്റെ തോള് ചെരിച്ചുപോയാല്‍ സാറൊന്ന് പറഞ്ഞേക്കണം, നേരെ വെക്കാനായിട്ട്.

കാരണം അദ്ദേഹമൊക്കെ നമ്മുടെ മനസില്‍ കിടക്കുവല്ല. അദ്ദേഹത്തെ കാണുമ്പോഴല്ല, പേര് പറയുമ്പോള്‍ തന്നെ അറിയാതെ ആ ഒരു മാനറിസം നമ്മളിലേക്ക് എത്തും. ലാലേട്ടനുമായിട്ട് ആ കോമ്പിനേഷന്‍ സീനില്‍ വന്നപ്പോ ഭയങ്കര ഫ്രീയായിരുന്നു. കുഴപ്പമില്ല മോനെ നന്നായിട്ട് ചെയ്യൂ എന്ന് പറഞ്ഞു. ഭയങ്കര സപ്പോര്‍ട്ടായിരുന്നു.’ സുമേഷ് പറഞ്ഞു.