സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവിന്‍റെ അച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് വിജീഷിന്‍റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കൊറോ സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിജീഷിന്‍റെ അമ്മ പൊന്നു ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

ഭര്‍ത്താവിന്‍റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിജീഷന്‍റെ മാതാപിതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തത്.

വിജീഷിന്‍റെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഒന്നരവര്‍ഷം മുമ്ബാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു.

ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

ഇതില്‍ മനംനൊന്താണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭര്‍ത്തൃവീട്ടുകാരുടെ മര്‍ദ്ദന വിവരത്തെ കുറിച്ച്‌ പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.