പരിഹാസങ്ങളും ഭീഷണിപ്പെടുത്തലുകളുമെല്ലാം ഉണ്ടായിരുന്നു, കുട്ടിക്കാലത്തെ കുറിച്ച് സണ്ണി ലിയോണ്‍

പലപ്പോഴും പല താരങ്ങളും തങ്ങളുടെ കുട്ടിക്കാലത്ത് നേരിട്ട നല്ലതും മോശവുമായ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത് ബോളിവുഡ് സുന്ദരി സണ്ണി ലിയോണാണ്. തന്റെ ചെറുപ്പകാലത്ത് നേരിടേണ്ടി വന്ന ഭീഷണികളെ കുറിച്ചും കളിയാക്കലുകളെ കുറിച്ചുമാണ് സണ്ണി ലിയോണ്‍ തുറന്ന് പറഞ്ഞത്. കാനഡയില്‍ പഠിക്കുന്ന സമയം കുട്ടികള്‍ തന്നെ കളിയാക്കിയിരുന്നു. ചെറുപ്പത്തില്‍ അത്ര ഭംഗി ഇല്ലാത്ത കുട്ടി ആയിരുന്നു താന്‍. ഇതിന്റെ പേരില്‍ നിരവധി കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍ പറയുന്നു.

സണ്ണി ലിയോണ്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം തന്റെ സിഖ്-പഞ്ചാബി മാതാപിതാക്കള്‍ക്ക് ഒപ്പം കാനഡയിലാണ്. കൗമാര പ്രായം എത്തിയപ്പോള്‍ അമേരിക്കയിലേക്ക് താമസം മാറി. ‘ഇളം നിറത്തിലുള്ള ചര്‍മവും നല്ല കറുത്ത മുടിയും കാഴ്ചയില്‍ അത്രയൊന്നും ഭംഗിയില്ലാത്ത കൈകാലുകളുമായിരുന്നു എനിക്ക്. വസ്ത്രധാരണത്തിലും അത്രയൊന്നും ശ്രദ്ധ കൊടുത്തിരുന്നില്ല. അതിനാല്‍ ആ രീതിയിലുള്ള പരിഹാസങ്ങളും ഭീഷണിപ്പെടുത്തലുകളുമെല്ലാം ഉണ്ടായിരുന്നു.’

ആ ഭീഷണിപ്പെടുത്തലുകള്‍ ജീവിതത്തിലുടനീളം തന്നെ വേട്ടയാടി, എന്നാല്‍ വൈകാരികമായി അത് അത്ര വലുതായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ‘ഭീഷണിപ്പെടുത്തല്‍ നമുക്ക് ചുറ്റിലുമുണ്ട് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അത് മാറിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരെ ഭീഷണിപ്പെടുത്താതിരിക്കാനും അത്തരം പെരുമാറ്റങ്ങള്‍ നടത്താതിരിക്കാനും നിങ്ങള്‍ക്ക് ശ്രമിക്കാം, അത് നിങ്ങളുടെ നിലപാടാണ്. ഭീഷണിപ്പെടുത്തുന്നവരെ ഭീരുക്കളായി കാണുന്നത് സാധാരണമാണ്. നിങ്ങള്‍ സ്ഥിരതയുള്ളവരായും മറ്റുള്ളവരോട് സഹായങ്ങള്‍ ചോദിക്കുന്നവരായും മാറിയാല്‍ ഇത്തരം ഭീഷണിപ്പെടുത്തലുകള്‍ അവസാനിക്കും.’ സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.