ഭർത്താവ് ക്രൂരനാണെങ്കിലും നിയമപരമായി വിവാഹം കഴിച്ചവർ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകും?; സുപ്രിം കോടതി

ഭാര്യാഭർത്താക്കന്മാരായി ജീവിക്കുമ്പോൾ, ഭർത്താവ് ക്രൂരനാണെങ്കിലും അവർ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമെന്ന് വിളിക്കാൻ കഴിയുമോയെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. നിയമപരമായി വിവാഹം കഴിച്ചവർ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ജസ്റ്റിസ് ആരാഞ്ഞു. ബലാത്സംഗക്കുറ്റം ആരോപിച്ച എഫ്ഐആർ റദ്ദാക്കണമെന്ന ഉത്തർപ്രദേശ് സ്വദേശിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

വ്യാജവിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിന് അനുമതി നേടുകയായിരുന്നുവെന്നും, പല തവണ ബലാത്സംഗത്തിന് ഇരയായെന്നുമാണ് യുവതിയുടെ പരാതി. ആക്രമിച്ചു പരിക്കേൽപ്പിച്ചതിനും, വൈവാഹിക ക്രൂരതകൾക്കുമാണ് കേസ് കൊടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കുറ്റവിമുക്തനാക്കണമെന്ന ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാൻ നിർദേശിച്ച സുപ്രിംകോടതി, യു.പി സ്വദേശിക്ക് അറസ്റ്റിൽ നിന്ന് നാലാഴ്ചത്തേക്ക് സംരക്ഷണവും നൽകി. പീഡനത്തിനിരയായ സ്ത്രീയെ വിവാഹം കഴിക്കാൻ തയ്യാറാണോയെന്ന് മറ്റൊരു പ്രതിയോട് സുപ്രിംകോടതി ചോദിച്ച വിവാദത്തിനു പിന്നാലെയാണ് പുതിയ നിരീക്ഷണം.