എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസില്‍ വിചാരണ നിരീക്ഷിക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപികരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകളുടെ വിചാരണ നിരീക്ഷിക്കാന്‍ ഹൈക്കോടതികള്‍ പ്രത്യേക ബെഞ്ച് രൂപികരിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി. നിലവില്‍ വിചാരണയ്ക്ക് പ്രത്യേക മാനദണ്ഡം രൂപികരിക്കാന്‍ സുപ്രീം കോടതിക്ക് സാധിക്കില്ല. എന്നാല്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളില്‍ വിചാരണ ഏത് തരത്തില്‍ നടക്കുന്നുവെന്ന് നിരീക്ഷിക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപികരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിമാരോട് കേസുകളുടെ റിപ്പോര്‍ട്ട് തേടാം, വധശിക്ഷ വരെ ലഭിക്കുന്ന കേസുകളില്‍ മുന്‍ഗണന നല്‍കി വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പല കാരണങ്ങളാലാണ് കേസ് വൈകുന്നത്. എന്നാല്‍ ദേശീയ തലത്തില്‍ പൊതു മാനദണ്ഡം ബുദ്ധിമുട്ടാണെന്നും സുപ്രീം കോടതി.

അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. അതേസമയം കേസുകളില്‍ ശിക്ഷിക്കപ്പെട്ട പൊതു പ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പിന്നീട് വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിലവില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷാ കാലാവധിക്ക് ശേഷം ആറ് വര്‍ഷം കഴിഞ്ഞ് മാത്രമാണ് മത്സരിക്കാന്‍ സാധിക്കു.