മതവികാരത്തെ വ്രണപ്പെടുത്തി സത്യപ്രതിജ്ഞാ ലംഘനം നടത്തി, സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ രാഷ്‌ട്രപതിക്ക് പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

ഗണപതി ഭഗവാന്‍ മിത്ത് ആണെന്ന വാദം, ഹിന്ദുവിരുദ്ധ പ്രസ്താവന. കേരളാ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് പരാതി നല്‍കി. സ്പീക്കർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബാണ് രാഷ്‌ട്രപതിത്ത് പരാതി നൽകിയത്.

ജൂലൈ 21ന് എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന വേളയിലാണ് സ്പീക്കർ ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയത്. ഗണപതിയും പുഷ്പക വിമാനവുമെല്ലാം മിത്തുകളാണെന്നും ഹിന്ദുത്വ കാലഘട്ടത്തിലെ വിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കുമെന്നുമായിരുന്നു ഷംസീറിന്റെ വാദം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങൾ എന്നും ഷംസീറിന്റെ വാക്കുകളിലുണ്ടായിരുന്നു. ഇത്തരത്തിൽ സ്പീക്കർ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്.

ഗണപതി ഭഗവാനെതിരെ ഗുരുതര ആരോപണമാണ് സ്പീക്കര്‍ നടത്തിയത്. മതവികാരത്തെ വ്രണപ്പെടുത്താന്‍ കരുതിക്കൂട്ടിയാണ് സ്പീക്കര്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഭരണഘടനാ പദവി വഹിക്കുന്നയാള്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് തല്‍സ്ഥാനത്ത് നിന്ന് സ്പീക്കറെ നീക്കണം. അതിലൂടെ ഭരണഘടനയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.