കല്യാണം കഴിഞ്ഞപ്പോള്‍ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു, വഴക്കടിച്ചിരുന്നു; സുപ്രിയ

മലയാള സിനിമയിലെ പവര്‍ കപ്പിള്‍സ് ആണ് പൃഥ്വിരാജും സുപ്രിയയും. നന്ദനമെന്ന സിനിമയിലൂടെയായിരുന്നു പൃഥ്വിരാജ് സുകുമാരന്റെ പേര് ആദ്യമായി സ്‌ക്രീനില്‍ തെളിഞ്ഞുകണ്ടത്. അരങ്ങേറ്റ ചിത്രം മുതല്‍ത്തന്നെ ശ്രദ്ധ നേടിയിരുന്നു ഈ താരം. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയായിരുന്നു പിന്നീടങ്ങോട്ട് താരത്തിന് ലഭിച്ചത്. മലയാളത്തിന്റെ പ്രിയതാരമായി മാറുകയായിരുന്നു അദ്ദേഹം പിന്നീട്. അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. വിവാഹത്തോടെ ജേര്‍ണലിസം എന്ന തന്റെ കരിയര്‍ ഉപേക്ഷിച്ചെങ്കിലും സിനിമാ നിര്‍മാണമേഖലയില്‍ സജീവമാണ് സുപ്രിയ.കഴിഞ്ഞ വര്‍ഷം ‘9’, ‘ഡ്രൈവിംഗ് ലൈസന്‍സ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ നിര്‍മിച്ചത്. വിവാഹത്തോടെ കരിയര്‍ ബാലന്‍സ് ചെയ്യുന്ന കാര്യത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സുപ്രിയ.

‘കല്യാണം കഴിഞ്ഞ് ഞാന്‍ ജോലിയിലേക്ക് തിരിച്ചു പോയിരുന്നു. ആ സമയത്ത് ഹിന്ദി സിനിമ ചെയ്യുന്ന സമയമായിരുന്നതു കൊണ്ട് പൃഥ്വിയും മുംബൈയില്‍ ഉണ്ടായിരുന്നു. ആ സിനിമയ്ക്കു ശേഷം വീണ്ടും മലയാളത്തില്‍ തിരക്കായപ്പോള്‍ പൃഥ്വി കേരളത്തിലും ഞാന്‍ മുംബൈയിലുമായി. എല്ലാ വെള്ളിയാഴ്ചയും ഞാന്‍ കേരളത്തിലേക്ക് വരും, തിങ്കളാഴ്ച രാവിലെ വീണ്ടും മുംബൈയിലേക്ക് പോകും . രണ്ടുമൂന്ന് മാസം ഇതേ രീതിയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി. അന്നൊക്കെ ഞാന്‍ പൃഥ്വിയോട് വഴക്കടിച്ചിരുന്നു. എല്ലാ ആഴ്ചയും ഞാന്‍ ലീവെടുത്ത് വരും, പൃഥ്വിക്ക് ഒന്നു മുംബൈയിലേക്ക് വന്നൂടെ എന്നു ചോദിക്കും.അതെങ്ങനെയാ..ഹീറോ ലീവെടുക്കാനോ..നല്ല കാര്യമായി !..
ഒരു ഹീറോ ലീവെടുത്താല്‍ ഒരു പ്രൊഡ്യൂസര്‍ക്ക് എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തിയപ്പോള്‍ ഞാന്‍ കുടുംബം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും സുപ്രിയ പറഞ്ഞു .

ഭാര്യാഭര്‍ത്താന്മാര്‍ എന്നതിനപ്പുറം നല്ല സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള മകളുമുണ്ട് ഇവര്‍ക്ക്. തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്തകങ്ങളായിരുന്നു.