ആലുവ സംഭവത്തിന് പിന്നാലെ തനിക്ക് നേരെ സൈബർ ആക്രമണം, വിദേശത്ത് നിന്നടക്കം ഭീഷണി, പരാതിയുമായി സുരാജ് വെഞ്ഞാറമ്മൂട്

ആലുവ സംഭവത്തിന് പിന്നാലെ വധഭീഷണി മുഴക്കിയുള്ള ഫോൺകോളുകളും വാട്സാപ്പ് സന്ദേശങ്ങളും. സൈബർ ആക്രമണത്തിനെതിരെ നടൻ സുരാജ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. കാക്കനാട് സൈബർ സൈബർ ക്രൈം പൊലീസ് ആണ് നടന്‍റെ പരാതിയിൽ കേസെടുത്തത്. കഴിഞ്ഞ മൂന്ന് ദിവസമായി തന്‍റെ ഫോണിലേക്കും വാട്ട്സ്ആപ്പ് കോളു വഴിയും അനോണിമസ് നമ്പരുകളിൽ നിന്നും അസഭ്യവർഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി. വാട്ട്സ്ആപ്പിലൂടെ വിദേശത്തുനിന്നടക്കം ഭീഷണി ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തിയതോടെയാണ് പരാതി നല്‍കിയത്. സംഭവത്തിൽ മൊബൈൽ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

മണിപ്പൂർ സംഭവത്തിൽ സുരാജ് ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. എന്നാല്‍ ആലുവ സംഭവത്തില്‍ വിഷയത്തിൽ നടൻ പ്രതികരിക്കാത്തതെന്ത് എന്ന് ചോദിച്ചാണ് ആക്രമണമുണ്ടായത് എന്ന് പരാതിയില്‍ പറയുന്നു. ഫോൺ ഓൺ ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് നടൻ പ്രതികരിച്ചു.

കാക്കനാട് പൊലീസിനാണ് പരാതി നൽകിയത്. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായും വാട്സ് ആപ്പിലും ഭീഷണി മെസേജുകൾ അയച്ചതായും സുരാജ് പരാതിയിൽ പറയുന്നു. ആലുവ സംഭവത്തിന് പിന്നാലെയാണ് തനിക്ക് നേരെ സൈബർ ആക്രമണം നടന്നതെന്നാണ് നടന്‍ പരാതിയിൽ പറയുന്നത്.

‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ,’ എന്നാണ് സുരാജ് ഫേസ്ബുക്കിൽ കുറിച്ചത്. മണിപ്പൂരിൽ കുക്കി വിഭാ​ഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സുരാജ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

അതേസമയം കൊച്ചിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. തുടർന്ന് നടനെതിരെ പൊലീസ് കേസെടുത്തിരുന്നു.