ബിജെപി സംസ്ഥാന അധ്യക്ഷനായി സുരേഷ് ഗോപി എത്തും? അമിത് ഷായുടെ നിലപാട് നിര്‍ണായകം

പി എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ, ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം സജീവമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രന്റെ പേരുകളാണ് ഏറ്റവും അധികം ഉയര്‍ന്നു കേള്‍ക്കുന്നത്. എംടി രമേശിന്റെയും ശോഭ സുരേന്ദ്രന്റെയും പേരുകളും ഉയരുന്നുണ്ട്. എന്നാല്‍ ഏറെ ജനസ്വാധീനമുള്ള നേതാവിനെ കണ്ടെത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമമെന്നാണ് വിവരം.

അതേസമയം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നതില്‍ അമിത് ഷായ്ക്ക് താത്പര്യമുണ്ടെന്ന് വിവരമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചുവെന്ന റിപ്പോര്‍ട്ടാണ് അമിത് ഷായ്ക്ക് താരത്തോട് താത്പര്യം വര്‍ധിക്കാന്‍ കാരണമായിട്ടുള്ളത്.

അതേസമയം കേന്ദ്രമന്ത്രി വി മുരളീധരന്‍ പക്ഷം ഉയര്‍ത്തിക്കാട്ടുന്ന കെ സുരേന്ദ്രന്, ലോക്സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ തോല്‍വികളാണ് വെല്ലുവിളിയാകുന്നത്. ശബരിമല വിഷയം തുണയ്ക്കുമെന്ന് കരുതിയ കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നു.

പി കെ കൃഷ്ണദാസ് പക്ഷമാകട്ടെ എംടി രമേശിനെയാണ് മുന്നോട്ട് വയ്ക്കുന്നത്. സംഘടനാ പ്രവര്‍ത്തനത്തിനായി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രമേശ് മല്‍സരത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നതും ഈ പക്ഷം ഉയര്‍ത്തിക്കാട്ടുന്നു.