സ്വപ്‌ന സുരേഷ് ഷാജ് കിരണിനെതിരെ ഉന്നയിച്ച ഒത്തുതീര്‍പ്പ് ആരോപണത്തില്‍ എങ്ങുമെത്താതെ അന്വേഷണം

കോട്ടയം. സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ഒത്തുതീര്‍പ്പ് ആരോപണം ഉയരുമ്പോള്‍ സ്വപ്‌ന സുരേഷ് ആദ്യം ഉന്നയിച്ച ഒത്ത് തീര്‍പ്പ് ആരോപണത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. സ്വപ്‌ന ഷാജ് കിരണിനെതിരെ ആരോപണം ഉന്നയിച്ച് 9 മാസം പിന്നിട്ടിട്ടും കേസില്‍ ഒളിച്ചുകളിക്കുകയാണ് സര്‍ക്കാരും പോലീസും. ഷാജ് കിരണ്‍ മധ്യസ്ഥനായി മൊഴി മാറ്റുവാന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജ് കിരണിനെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടിലാണ് കേസ് ആന്വേഷിച്ച ക്രൈംബ്രാഞ്ച്.

സ്വപ്‌നയുടെ ആദ്യത്തെ ആരോപണത്തില്‍ വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാര്‍ നിയോഗിച്ച ഇടനിലക്കാരനാണ് ഷാജ് കിരണ്‍ എന്നടക്കം സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. അതേസമയം ആദ്യത്തെ ആരോപണം പിസി ജോര്‍ജും സ്വപ്‌ന സുരേഷും ചേര്‍ന്ന് നടത്തിയതാണെന്നാണ് ആരോപിച്ചാണ് സിപിഎം പ്രതിരോധിച്ചത്. സംഭവത്തില്‍ കെടി ജലീലിനെക്കൊണ്ട് പരാതി നല്‍കിച്ച് കേസില്‍ സ്വപ്‌ന, സരിത്, പിസി ജോര്‍ജ് എന്നിവരെ പ്രതികളാക്കിയിരുന്നു.

കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ത്തിയിരിക്കുന്നത്. സ്വപ്നയെ ആദ്യം കേസില്‍ മൊഴിമാറ്റുവാന്‍ എത്തിയ ഇടനിലക്കാരനായ ഷാജ് കിരണിനെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സാക്ഷിയാക്കി മാറ്റുകയായിരുന്നു. എഡിജിപി എന്തിനാണ് ഷാജ് കിരണിനെ വിളിച്ചതെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല.