തന്റെ വസ്തു കൈയ്യേറിയവരെ ഒഴിപ്പിച്ച് തരണം; പരാതിയുമായി സ്വീഡിഷ് പൗരന്‍

തിരുവനന്തപുരം: ന്യൂഇയർ ആഘോഷിത്തിനായി മദ്യം വാങ്ങിയ സ്റ്റീഫനെ പോലീസ് അവഹേളിച്ച സംഭവത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. വിദേശിയുടെ വാഹനം തടഞ്ഞ് പരിശോധന നടത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്‌ഐ അനീഷ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ മനീഷ്, സജിത്ത് എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്

അതേസമയം കോവളത്ത് പോലീസ് അവഹേളിച്ച വിദേശി മറ്റൊരു പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. സ്വീഡിഷ് പൗരനായ സ്റ്റീഫനാണ് പരാതിയുമായി എത്തിയത്. തന്റെ പേരിലുള്ള ഹോം സ്റ്റേ കയ്യേറിയതിൽ നടപടി ആവശ്യപ്പെട്ടാണ് സ്റ്റീഫൻ ഫോർട്ട് അസി. കമ്മീഷണറെ സമീപിച്ചത്.

കോവളം വെള്ളാറിൽ ഹോം സ്‌റ്റേ നിർമ്മിക്കാൻ സ്വന്തം കമ്പനിയുടെ പേരിൽ ഒൻപത് സെന്റ് വസ്തു സ്റ്റീഫൻ വാങ്ങിയിരുന്നു. രണ്ട് പേരിൽ നിന്നാണ് ഭൂമി വാങ്ങിയത്. മുൻ ഭൂ ഉടമയുടെ ബന്ധു ഹോം സ്‌റ്റേയിൽ കയ്യേറി താമസിക്കുന്നതായും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് സ്റ്റീഫന്റെ പരാതിയിൽ പറയുന്നത്. ഇന്നലെ രാത്രി മന്ത്രി ശിവൻകുട്ടിയെ സന്ദർശിച്ചപ്പോൾ ഹോം സ്‌റ്റേ നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് സ്റ്റീഫൻ അറിയിച്ചിരുന്നു.