വിജയിയുടെ ബീസ്റ്റ് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്ലിം ലീഗ്

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബീസ്റ്റ് ഏപ്രിൽ 13നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഇപ്പോഴിതാ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് തമിഴ്‌നാട് മുസ്ലിം ലീഗ്. തമിഴ്‌നാട് മുസ്‌ലിം ലീഗ് അധ്യക്ഷൻ വിഎംഎസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നിരോധനം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് തമിഴ്‌നാട്ടിൽ രം​ഗത്തെത്തിയിരിക്കുന്നത്. ബീസ്റ്റ് പ്രദർശനത്തിനെത്തിയാൽ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. ‘കുറുപ്പ്’, ‘എഫ്‍ഐആര്‍’ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ‘ബീസ്റ്റി’നും കുവൈറ്റിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വീരരാഘവൻ എന്ന സ്പൈ ഏജന്റായിട്ടാണ് വിജയ് ബീസ്റ്റിൽ എത്തുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കൊലമാവ്‌ കോകിലയും, ഡോക്ടറുമാണ് നെൽസന്റെ മറ്റ് ചിത്രങ്ങൾ. നഗരത്തിലെ ഷോപ്പിംഗ് മാൾ പിടിച്ചെടുത്ത തീവ്രവാദികളിൽ നിന്ന് സന്ദർശകരെ രക്ഷിക്കുന്ന ദൗത്യമേറ്റെടുക്കുന്ന വിജയ് കഥാപാത്രമായിരിക്കും ബീസ്റ്റിലെ വീരരാഘവനെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചനകൾ. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് സംഗീതം നൽകിയ സിനിമയിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംനേടി കഴിഞ്ഞു.