ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവം, ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു

ചെന്നൈ. ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്. ബാങ്കിന്റെ ബോർഡ് ഡയറക്ടർമാർ യോഗം ചേർന്ന് അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചിട്ടുണ്ട്. തീരുമാനം ആർ.ബി.ഐയെ അറിയിക്കുകയും ചെയ്തു. ആർ.ബി.ഐയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നത് വരെ അദ്ദേഹം എം.ഡിയായി തുടരുമെന്നും ബാങ്കിന്റെ ബോർഡ് അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 2022ലാണ് അദ്ദേഹം ബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്.
സെപ്റ്റംബർ ഒമ്പതിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപയെത്തിയത്.

മണിക്കൂറുകൾക്കുള്ളിൽ അബദ്ധത്തിലാണ് പണം നിക്ഷേപിച്ചതെന്ന് അറിയിച്ച് ബാങ്കിൽ നിന്നും രാജ്കുമാറിന് വിളിയെത്തി. ബാങ്ക് രാജ്കുമാറിന്റെ അക്കൗണ്ടിൽ നിന്നും 9000 കോടി പിൻവലിക്കുകയും ചെയ്തു.